ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം; ‘നിപ്മർ മോഡൽ’ മാതൃക
text_fieldsഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികള്‍ക്ക് പ്രായോഗിക ദിനചര്യ പരിശീലനം നല്കുന്ന നിപ്മറിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ) സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയാകുന്നു. ദിനചര്യകള്‍ക്ക് പ്രാപ്തരാക്കുന്നതിന് പുറമെ സാമൂഹിക ഇടപെടല്‍, നാണയ ബോധം, കൊടുക്കല്‍ വാങ്ങല്‍ തുടങ്ങിയവയിലും പരിശീലനം നല്കുന്ന സംസ്ഥാനത്തെത്തന്നെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ സൂപ്പര്‍ മാര്‍ക്കറ്റാണ് കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നിപ്മറിന് കീഴിലെ സെഡാര്‍ സൂപ്പര്‍ മാര്‍ക്കറ്റ്.
രാജ്യത്ത് ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്ന ബഹു ഭൂരിപക്ഷം സ്ഥാപനങ്ങളിലും പ്രായോഗിക ദിനചര്യകള്‍ പരിശീലിപ്പിക്കുന്നതിനുള്ള സംവിധാനമില്ല. നടക്കുന്നയിടങ്ങളിലാകട്ടെ ചില കൃത്രിമ മാതൃകകൾ ഉപയോഗിച്ചുള്ളതായതിനാൽ പ്രായോഗിക ജീവിതത്തില്‍ കുട്ടികള്‍ക്ക് ഗുണകരമാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇതിന് പരിഹാരമായാണ് നിപ്മറിലെ പരിശീലന രീതിയാരംഭിച്ചത്. നിപ്മറിലെ സ്പെഷല്‍ സ്കൂളിലെ കുട്ടികളെയും, തൊഴില്‍ പരിശീലന പരിപാടിയായ എംവൊക്കിലെ കുട്ടികളെയുമാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.
150ഓളം കുട്ടികളാണ് നിലവില്‍ ഇവിടെ പരിശീലനം നടത്തുന്നത്. ഇവരില്‍ രണ്ടുപേര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയും നല്‍കിയിട്ടുണ്ട്. 42 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി ചെലവായത്. അടിസ്ഥാന സൗകര്യം നിപ്മര്‍ ഒരുക്കുകയും മാര്‍ക്കറ്റിങ് സെഡാര്‍ മാര്‍ക്കറ്റിങ് ലിമിറ്റഡ് ഒരുക്കുകയും ചെയ്തു. രാവിലെ 10 മുതല്‍ നാലുമണി വരെയാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രായോഗിക ദിനചര്യകളില്‍ പരിശീലനം നല്‍കുകയെന്ന് നിപ്മര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളും വീട്ടുകാരും ഉണ്ടാക്കുന്ന ഉൽപന്നങ്ങള് സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിറ്റഴിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.