സി.പി.എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന് തുടക്കം; നേതൃത്വത്തെ കടന്നാക്രമിച്ച് 'കരുവന്നൂർ' ചർച്ച
text_fieldsഇരിങ്ങാലക്കുട: നേതാക്കൾ പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ നേതൃത്വത്തെ കടന്നാക്രമിച്ചും രൂക്ഷ വിമർശനമുയർത്തിയും ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ച. ബാങ്ക് തട്ടിപ്പിന് ഇത്ര ആക്കംകൂട്ടിയതും ജനങ്ങൾക്കിടയിൽ മോശം പ്രതിഛായക്കും പാർട്ടിയെ പ്രതിസന്ധിക്ക് ഇടയാക്കിയതും ഇടപെടാൻ വൈകിയതും നടപടി വൈകിച്ചതുമാണെന്ന് പ്രതിനിധികൾ ഉന്നയിച്ചു.
വൈകിയെങ്കിലും ജില്ല നേതൃത്വം എടുത്ത കടുത്ത നടപടികളെ അംഗീകരിക്കുന്നെന്നും, എന്നാൽ, പലർക്കുമെതിരെയെടുത്ത നടപടികൾ കുറഞ്ഞുവെന്നും വിമർശനമുയർന്നു. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തെങ്കിലും നിലവിൽ ബാങ്ക് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ സർക്കാറിൽനിന്നുമുണ്ടാകണം. ഇത് പാർട്ടി ഉറപ്പാക്കണം. അല്ലെങ്കിൽ മറ്റ് ബാങ്കുകളുടെ പ്രവർത്തനത്തെയും ബാധിക്കും. നിലവിൽ സർക്കാർ ഇടപെടലുണ്ടാവുമെന്ന് ആശ്വസിപ്പിച്ച് നിർത്തിയിരിക്കുന്ന നിക്ഷേപകരെയും പിടിച്ചുനിർത്താനാവില്ല.
വിഷയം ഗുരുതരമായി നേതൃത്വം കാണണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം പ്രവർത്തന റിപ്പോർട്ടിലും ഉൾപ്പെടുത്തിയിരുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രനെ സസ്പെൻഡ് ചെയ്യുകയും ഏരിയ സെക്രട്ടറിയായിരുന്ന കെ.സി. പ്രേമരാജനെ മാറ്റുകയും ജില്ല കമ്മിറ്റി അംഗങ്ങളായിരുന്ന ഉല്ലാസ് കളക്കാട്ട്, കെ.ആർ. വിജയ എന്നിവരെ തരംതാഴ്ത്തുകയും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെയടക്കം നീക്കിയതും ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടിയെടുത്തതും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്.
വിഷയം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രേമരാജനെ നീക്കിയതിന് ശേഷം നിയോഗിച്ച വി.എ. മനോജ് കുമാർ ആണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി എടതിരിഞ്ഞി എച്ച്.ഡി.പി ഹാളിൽ നടക്കുന്ന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയയിലെ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 145 പ്രതിനിധികളും 22 ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. മുതിർന്ന പ്രതിനിധിയായ കെ.പി. ദിവാകരൻ മാസ്റ്റർ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ സമ്മേളന പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. കെ.സി. പ്രേമരാജൻ, ഉല്ലാസ് കളക്കാട്ട്, ഷീജ പവിത്രൻ, എ.വി. അജയൻ എന്നിവരാണ് പ്രസീഡിയം നിയന്ത്രിക്കുന്നത്.
സി.ഡി. ഷിജിത്ത് രക്തസാക്ഷി പ്രമേയവും ആർ.എൽ. ശ്രീലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം.എം. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഡേവീസ് മാസ്റ്റർ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, മന്ത്രി ഡോ. ആർ. ബിന്ദു തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സമ്മേളനം ശനിയാഴ്ച വൈകീട്ട് സമാപിക്കും. നിലവിലെ ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത. ഇതോടെ ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ സമാപിക്കും. ജനുവരി 21 മുതൽ തൃശൂരിലാണ് ജില്ല സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.