ചായക്കടയിലെ സ്ഫോടനത്തിൽ ദുരൂഹത; കാരണം കണ്ടെത്താനായില്ല
text_fieldsഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡില്‍ ചെറുതൃക്ക് ക്ഷേത്രത്തിനു സമീപം മുകുന്ദപുരം താലൂക്ക് കോ ഓപ്പറേറ്റിവ് സ്റ്റോര്‍ കെട്ടിടത്തിലെ ചായക്കടയിലുണ്ടായ സ്ഫോടനത്തില്‍ ദുരൂഹത. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും സ്ഫോടനത്തിെൻറ ഉറവിടമോ കാരണങ്ങളോ കണ്ടെത്താനായിട്ടില്ല.
തിങ്കളാഴ്ച രാത്രി 9.41 നായിരുന്നു സംഭവം. സ്ഫോടനത്തില്‍ ചായക്കട കത്തി നശിക്കുകയും കെട്ടിടത്തിെൻറ ചുമരുകള്‍ക്കു വിള്ളലുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കടയുടെ ഷട്ടറും കടയിലെ ഫർണിച്ചറുകളും മറ്റും റോഡിലേക്കു തെറിച്ചു പോയി. സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ സാധനങ്ങള്‍ തെറിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചിരുന്നു. സ്ഫോടനത്തിെൻറ ശബ്ദം കിലോമീറ്ററുകളോളം കേട്ടതായി നാട്ടുകാര്‍ പറയുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരാണ് തീ കെടുത്തിയത്. സ്ഫോടനത്തില്‍ രണ്ടു തവണ തീഗോളങ്ങള്‍ ഉയരുന്നതായി ചെറുതൃക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ തെളിഞ്ഞിട്ടുണ്ട്.
ചായയും ലഘുഭക്ഷണങ്ങളും മാത്രം നൽകി വരുന്ന ചായക്കട പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകീട്ട് വരെയാണു പ്രവര്‍ത്തിക്കുന്നത്. നാലുവര്‍ഷമായി ചായക്കട നടത്തുന്ന പ്രകാശനും രണ്ടു സഹായികളുമാണ് ഇവിടെ ഉണ്ടായിരുന്നത്.തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന കോ ഓപ്പേററ്റിവ് സൊസൈറ്റിയുടെ ഷട്ടറിലും കേടുപാടുകളുണ്ട്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജിലെ കംപ്രസര്‍ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി. ചായക്കടയിലെ പാചക വാതക സിലിണ്ടറുകള്‍ക്കും ഒരു കുഴപ്പവും ഇല്ല. ചായക്കടയുടെ പുറകിൽ നീതി സഹകരണ സംഘത്തിെൻറ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. 17 ഗ്യാസ് സിലിണ്ടറുകളും 37 കാലി ഗ്യാസ് സിലിണ്ടറുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്.
തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ കടയില്‍ മണ്ണെണ്ണ ബാരലുകളും ഉണ്ടായിരുന്നു. ഗ്യാസ് ഗോഡൗണിനും റേഷന്‍ കടയ്ക്കും ഇടയിലുള്ള ഭിത്തി തകര്‍ന്നു വീണിട്ടുണ്ട്. എന്നാല്‍ ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്കോ മണ്ണെണ്ണ ബാരലുകള്ക്കോ തീപിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ കടമുറികളുടെ ഷട്ടറുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. സ്ഫോടനത്തില്‍ ഷട്ടറുകള്‍ തെറിച്ച് പാണ്ടിസമൂഹം ഹാളിെൻറ മേല്‍ക്കൂരയില്‍ പതിച്ചിട്ടുണ്ട്.സമീപത്തെ ആയുര്‍വേദ കടയുടെയും പാണ്ടി സമൂഹ മഠം ഹാളിെൻറയും ചില്ലുകളും തകര്‍ന്നിട്ടുണ്ട്. പൊലീസിെൻറ നേതൃത്വത്തില്‍ രാത്രി തന്നെ ഗ്യാസ് സിലിണ്ടറുകള്‍ നീക്കം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.