പൊറത്തുചിറയിൽ ചോർച്ച; കർഷകർ വെള്ളം കിട്ടാതെ വലയുന്നു
text_fieldsഇരിങ്ങാലക്കുട: കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമായി കെട്ടിയ പൊറത്തുചിറയിൽ നിന്ന് വെള്ളം ചോരുന്നതായി കർഷകർ. പൊറത്തിശ്ശേരി മേഖലയിലെ ആറു വാർഡുകളിലെ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയമായ പാറക്കാട് പൊറത്തൂചിറ ഡിസംബർ ആദ്യ വാരത്തിലാണ് കെട്ടിയത്. വേനലിൽ 32, 33, 35, 36, 37, 39 വാർഡുകളിലുണ്ടാകുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനും കല്ലടത്താഴം, തെക്കുംഭാഗം പാടശേഖരങ്ങളിലെ പുഞ്ചകൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാനുമാണ് ഈ ചിറ കെട്ടുന്നത്.
ശരിയായ രീതിയിൽ മണ്ണ് ഉപയോഗിക്കാതെ ചിറ കെട്ടിയതിനാൽ വെള്ളം പുറത്തേക്ക് ഒഴുകുകയാണെന്നാണ് കർഷകരുടെ പരാതി. നഗരസഭ അടിയന്തരമായി ഇടപെട്ട് കരാറുകാരനെ കൊണ്ട് നിലവിലുള്ള ഷട്ടറിനുപുറമേ ചീർപ്പിട്ട് അതിനുള്ളിൽ മണ്ണിട്ട് നിറച്ച് ചോർച്ച പരിഹരിച്ചില്ലെങ്കിൽ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ പോകുമെന്ന് കർഷകർ പറയുന്നു. പാടത്തേക്ക് വെള്ളം കൊണ്ടുപോകാൻ കാന നിർമിക്കുന്നതിലും വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കർഷകരുടെ പരാതി.
കോൺക്രീറ്റ് മിക്സ് ചെയ്ത് ഇടുന്നതിനു പകരം കരിങ്കല്‍ മാത്രമിട്ടാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതെന്ന് കാട്ടി നഗരസഭ എൻജിനീയർക്ക് പരാതി നൽകിയതിനാൽ അത് പൊളിച്ചു മാറ്റിയിട്ടുണ്ട്. കമ്പിയും സിമന്റും കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്നും എൻജിനീയർ ഉറപ്പു വരുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് കർഷകക്കൂട്ടായ്മ ചിറയ്ക്ക് സമീപം സമരം നടത്തി. കൗൺസിലർ ടി.കെ. ഷാജൂ, കറപ്പക്കുട്ടി , ബാലരാമൻ തച്ചപ്പിള്ളി, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.