താമരവളയം കനാലിൽ താൽക്കാലിക പാലം നിർമിച്ച് കർഷകർ
text_fieldsഇരിങ്ങാലക്കുട: കരുവന്നൂര്‍ താമരവളയം കനാലിന് കുറുകെയുള്ള തകര്‍ന്ന മുളപ്പാലം സ്വന്തം ചെലവില്‍ നിര്‍മിച്ച് കര്‍ഷകര്‍. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ട്, നാല് ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന കിഴക്കേ പുഞ്ചപ്പാടത്തെ കനാലിന് കുറുകെയുള്ള പാലം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് തകര്‍ന്നത്.
കരുവന്നൂര്പ്പുഴയില്നിന്ന് പുത്തന്തോടുമായി ബന്ധിപ്പിക്കുന്ന താമരവളയം കനാലിലെ താല്‍ക്കാലിക പാലം മാറ്റി സ്ഥിരം സംവിധാനം ഒരുക്കാന്‍ നഗരസഭ തയാറാകണം എന്നത് മേഖലയിലെ കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമാണ്. നഗരസഭയുടെ ആസ്തി വികസന രേഖയില്‍ ഉള്‍പ്പെടാത്തതിനാലാണ് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ നഗരസഭ നടപടി എടുക്കാത്തതെന്ന് കര്‍ഷകര്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ നഗരസഭ പാലം നിര്‍മിച്ചിരുന്നെങ്കിലും ഇറിഗേഷന്റെ കീഴിലെ തോടിനു മുകളില്‍ നിര്‍മാണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് അധികൃതര്‍ പറയുന്നത്. കനാലിന്റെ മറുകരയില്‍ ഏകദേശം 20 ഏക്കര്‍ ഭൂമിയില്‍ തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്ന പ്രദേശമാണ്. വിത്തും വളവും ഉപകരണങ്ങളും മറ്റും ഇരുഭാഗത്തേക്കും കൊണ്ടുപോകാന്‍ കര്‍ഷകര്‍ വഞ്ചിയും മറ്റു സംവിധാനങ്ങളുമാണ് ആശ്രയിക്കുന്നത്.
പാലം തകര്‍ന്നതോടെ പരിചരണം ലഭിക്കാതെ കൃഷികള്‍ നശിച്ച അവസ്ഥയാണ്. ഇതോടെയാണ് കര്‍ഷകര്‍ മുളയും കവുങ്ങും ഉപയോഗിച്ച് പാലം നിർമിക്കാനിറങ്ങിയത്. നേരത്തെ കര്‍ഷകരുടെയും കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമാസിന്റെയും പരാതിയെ തുടര്‍ന്ന് പൊറത്തിശ്ശേരി കൃഷി ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. സ്ഥിരം സംവിധാനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ ഇരുഭാഗത്തുള്ളവര് തയാറാണ്. വിഷയം മന്ത്രി ആര്. ബിന്ദുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ് പറഞ്ഞു.
പൊതുഗതാഗതം: ഇരിങ്ങാലക്കുടയിൽ ജനകീയ സദസ്സ് 31ന്
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചമാക്കാൻ നിർദേശങ്ങൾ സമാഹരിക്കാൻ ആഗസ്റ്റ് 31ന് ജനകീയ സദസ്സ് ചേരുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വൈകീട്ട് മൂന്നിന് ടൗൺ ഹാളിലാണ് സദസ്സ്.
സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ജനകീയ സദസ്സിൽ മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ഭരണസമിതി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, പൊലീസ്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. മന്ത്രി അധ്യക്ഷത വഹിക്കും.
പൊതുപ്രവർത്തകർക്കും റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കും പങ്കെടുത്ത് നിർദേശങ്ങൾ അവതരിപ്പിക്കാം. നിർദേശങ്ങൾ kl45.mvd@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്, ഇരിങ്ങാലക്കുട എന്ന വിലാസത്തിലോ നൽകുകയും ചെയ്യാമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.