ഇരിങ്ങാലക്കുടയിലെ വസ്ത്രശാലയിൽ തീപിടിത്തം; പത്തുലക്ഷം രൂപയുടെ നഷ്ടം
text_fieldsഇരിങ്ങാലക്കുട: നഗരത്തിലെ വസ്ത്രശാലയിൽ തീപിടിത്തം. കൂടൽമാണിക്യം ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന മുരുകൻ സിൽക്സ് ആൻഡ് സാരീസിലാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ തീപിടിത്തം ഉണ്ടായത്. ഷോറൂമിന്റെ പിറകിലെ ഗോഡൗണിനോട് ചേർന്ന് ഷീറ്റ് കൊണ്ട് മറച്ചിരുന്ന മുറിയിൽ പ്രവർത്തിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്. ഇത് വഴി നടന്നുപോയിരുന്ന പരിസരവാസി പുക ഉയരുന്നത് കണ്ട് കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിൽനിന്നും കൊടുങ്ങല്ലൂരിൽനിന്നും എത്തിയ രണ്ട് അഗ്നിരക്ഷ സേന യൂനിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്.
ജനറേറ്ററും വസ്ത്രശാലയുടെ ഗോഡൗണിന്റെ പിറകിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും പൂർണമായി കത്തിനശിച്ചു. ജനറേറ്റർ പ്രവർത്തിച്ചിരുന്ന മുറിയിൽ ഒരു സ്കൂട്ടറും സൈക്കിളും ഉണ്ടായിരുന്നതായും ഇവയും കത്തിനശിച്ചതായി ഫയർ യൂനിറ്റിലെ ജീവനക്കാർ പറഞ്ഞു. സംഭവ സമയത്ത് ഉടമയും മൂന്ന് ജീവനക്കാരും കടയിൽ ഉണ്ടായിരുന്നു. പിറകിൽനിന്നുള്ള പുക ഷോറൂമിന്റെ മുൻവശത്തേക്കും എത്തിയിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും ഓണവ്യാപാരം കണക്കിലെടുത്ത് എത്തിച്ച സ്റ്റോക്കാണ് കത്തിനശിച്ചതെന്നും പത്ത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഉടമ ഷൺമുഖം പറഞ്ഞു.
സംഭവ സമയത്ത് വൈദ്യുതി ഉണ്ടായിരുന്നുവെന്നും ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടർ ഇളക്കി മാറ്റിയാണ് അഗ്നിരക്ഷ സേനംഗങ്ങൾ അകത്ത് കയറിയത്. ഇരിങ്ങാലക്കുട സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ലീഡിങ് ഫയർമാൻ സജയന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഫയർ യൂനിറ്റിൽ നിന്നുള്ള അഞ്ചുപേരും കൊടുങ്ങല്ലൂർ യൂനിറ്റിലെ ഫയർമാൻ സുധന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ നാല് പേരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.