വെള്ളം പടിയിറങ്ങുമ്പോള്‍ ബാക്കിവെച്ചത് ദുരിതജീവിതങ്ങള്‍
text_fieldsഇരിങ്ങാലക്കുട: മഴ മാറിനിന്ന് മൂടിക്കെട്ടിയ ആകാശത്തിനുപകരം സൂര്യവെളിച്ചം തെളിഞ്ഞപ്പോള്‍ മനസ്സിലെ കാര്‍മേഘങ്ങളും നീങ്ങി. വെള്ളത്തില്‍ മുങ്ങിയ ഇടങ്ങളില്‍ ആശ്വാസം തിരിച്ചെത്തുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാമ്പുകളില്‍നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. എങ്കിലും മഴ പെയ്യുമോ എന്ന ആശങ്ക ചിലരിലെങ്കിലും ബാക്കി നില്‍ക്കുന്നുണ്ട്.
വെള്ളം ഇറങ്ങിയതോടെ ക്യാമ്പുകളില്‍നിന്ന് തിരിച്ചെത്തിയവര്‍ക്ക് ദുരിതത്തിനൊട്ടും കുറവില്ല എന്നുള്ളതാണ് അവസ്ഥ. ക്യാമ്പുകളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് മുന്നില്‍ ശുചീകരണം എന്നുള്ളതാണ് ഏറെ കഠിനമായ ദൗത്യം.
വീടുമാത്രമല്ല, കിണറുകളും ശുചിമുറികളും വൃത്തിയാക്കുക എന്ന ശ്രമകര ജോലിക്കാണ് ഏറെ പ്രാധാന്യം. കരുവന്നൂര്‍, പൊറത്തിശ്ശേരി, കാറളം, കാട്ടൂര്‍ മേഖലയില്‍ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കരുവന്നൂര്‍ കൊക്കരിപ്പള്ളം ഭാഗത്ത് ക്യാമ്പില്‍ കഴിഞ്ഞിരുന്നവരില്‍ ഭൂരിഭാഗം പേരും തിരികെ വീട്ടിലെത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പലരും വീടുകളിലെത്തി ശുചീകരണ പ്രവൃത്തികളില്‍ സജീവമായിരുന്നു. വീട്ടുകാരുടെ ബന്ധുക്കളും ചില സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ടായിരുന്നു.
വീടുകളില്‍ ശുചീകരണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും വീടുകള്‍ വാസയോഗ്യമാക്കിയതിനുശേഷം മാത്രമേ ക്യാമ്പുകളില്‍നിന്ന് പൂര്‍ണമായും ആളുകള്‍ ഒഴിയുകയുള്ളൂ.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കാറളം പഞ്ചായത്തില്‍ കാറളം എ.എല്‍.പി സ്കൂളില്‍ 36 കുടുംബങ്ങളില്‍നിന്നായി 92 പേരും, കാറളം ഹൈസ്കൂളില്‍ 46 വീടുകളില്‍നിന്നും 91 പേരും താണിശ്ശേരി ഡോളേഴ്സ് എല്‍.പി സ്കൂളില്‍ ആറു വീടുകളില്‍നിന്നുമായി 13 പേരുമാണ് ക്യാമ്പിലുള്ളത്. കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില്‍ 42 വീടുകളില്‍നിന്നും 116 പേരും കാട്ടൂര്‍ പോംപെ സ്കൂളില്‍ ഒമ്പതു വീടുകളില്‍നിന്നും 22 പേരുമാണ് ക്യാമ്പിലുണ്ട്.
പടിയൂര്‍ എച്ച്.ഡി.പി സമാജം സ്കൂളില്‍ 13 വീടുകളില്‍നിന്നും 21 പേരാണുള്ളത്. മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍ എസ്.എന്‍.ബി.എസ്.എല്‍.പി സ്കൂളില്‍ അഞ്ചു വീടുകളില്‍നിന്ന് 12 പേരും ആനുരുളി അയ്യങ്കാളി സാംസ്കാരിക നിലയത്തില്‍ രണ്ടു വീടുകളില്‍നിന്നും ആറുപേരും ക്യാമ്പിലുണ്ട്.
ഇരിങ്ങാലക്കുട നഗരസഭയില്‍ കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ 18 വീടുകളില്‍നിന്നും 40 പേരും മാപ്രാണം സെന്റ് സേവിയേഴ്സ് സ്കൂളില്‍ 19 വീടുകളില്‍നിന്നും 44 പേരും ജവഹര്‍ കോളനിയിലെ പകല്‍വീടില്‍ നാലു വീടുകളില്‍നിന്നും 10 പേരുമാണ് ക്യാമ്പിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.