ജി20 ഉച്ചകോടി: കരകൗശല ബസാറില്‍ തിളങ്ങും നടവരമ്പിലെ വെള്ളോടുകൾ
text_fieldsനടവരമ്പ് കൃഷ്ണ ബെല്‍മെറ്റല്‍ വര്‍ക്സ് ഇന്‍ഡസ്ട്രിയില്‍
നിര്‍മിച്ച വിളക്കുകള്‍
ഇരിങ്ങാലക്കുട: ജി20 ഉച്ചകോടിക്കെത്തുന്ന ലോക നേതാക്കള്‍ക്ക് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്ന കരകൗശല ബസാറില്‍ ഇരിങ്ങാലക്കുട നടവരമ്പിലെ വെള്ളോടുകളും തിളങ്ങും. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിലാണ് ജി20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നത്. ഉച്ചകോടിയുടെ പ്രധാനവേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഒരുക്കിയ കരകൗശല ബസാറിലാണ് നടവരമ്പ് കൃഷ്ണ ബെല്‍മെറ്റല്‍ വര്‍ക്സ് ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റിവ് സൊസൈറ്റിയില്‍ നിര്‍മിച്ച വെള്ളോടില്‍ തീര്‍ത്ത കലാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നത്.
പല വലുപ്പത്തിലും ആകൃതിയിലും വെള്ളോടില്‍ നിര്‍മിച്ച ഉരുളി, പാചക പാത്രങ്ങള്‍, വാര്‍പ്പ്, ചീനച്ചട്ടി, വിഗ്രഹങ്ങള്‍, വിളക്കുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. ഒഡിഷ ആസ്ഥാനമായുള്ള ത്രിവേണി, മുംബൈ ആസ്ഥാനമായുള്ള ശരവണ, കേരളത്തില്‍നിന്നുള്ള സുരഭി, കൈരളി എന്നീ ബിസിനസ് ഗ്രൂപ്പുകളാണ് പ്രദര്‍ശനത്തിനായി ഇവിടെനിന്ന് കലാവസ്തുക്കള്‍ വാങ്ങിയത്. ജി-20യില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഈ സ്ഥാപനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തയാറാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന ‘ഒരു ജില്ല, ഒരു ഉല്പന്നം’ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്നിന്നെത്തിച്ച ഉല്പന്നങ്ങളും കരകൗശല വസ്തുക്കളുമാണ് പ്രദര്‍ശനത്തിലുള്ളത്. രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും ആദിവാസി കരകൗശല വിദഗ്ധരും തയാറാക്കിയ ജ്യോഗ്രഫിക് ഇന്‍ഡെക്സ് ടാഗ് ചെയ്ത ഇനങ്ങളും ഉല്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും ഈ കരകൗശല വിപണി സന്ദര്‍ശിക്കാനും പ്രാദേശികമായ ഉല്പന്നങ്ങള് വാങ്ങാനും അവസരമുണ്ട്. ഇതിലൂടെ ഇന്ത്യയില്‍ നിര്‍മിച്ച ഉല്പന്നങ്ങളെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക കരകൗശല തൊഴിലാളികള്‍ക്ക് പുതിയ സാമ്പത്തിക വിപണിയുടെ അവസരങ്ങള്‍ തുറക്കുക എന്നിവ കേന്ദ്രസർക്കാറിന്റെ ലക്ഷ്യമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ കിഴക്കേ നടയില്‍ മഞ്ജുളാലിന് മുന്നിലെ 1300 കിലോയോളം തൂക്കം വരുന്ന കൂറ്റന്‍ ദീപസ്തംഭം, ലോകകപ്പ് മത്സര വേളയില്‍ 400 കിലോയോളം തൂക്കമുള്ള മറഡോണയുടെ ശില്പം എന്നിവ നിര്‍മിച്ചത് നടവരമ്പ് കൃഷ്ണ ബെല്‍മെറ്റല്‍ വര്‍ക്സ് ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റിവ് സൊസൈറ്റിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.