ഹെവൻശ്രീ അംഗങ്ങളുടെ ശമ്പളം മുടങ്ങി; മാലിന്യ വണ്ടികൾ തടഞ്ഞു
text_fieldsഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ നിന്നായി മാലിന്യവുമായി ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിയ വണ്ടികൾ ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം വേർതിരിക്കുന്ന ഹെവൻശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം ഇത് വരെയും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഹെവൻശ്രീ ഗ്രൂപ്പിലെ പതിനേഴോളം പേരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വണ്ടികൾ തടഞ്ഞത്.
വിവിധ വാർഡുകളിൽനിന്നുള്ള നഗരസഭയിലെ മാലിന്യം തള്ളൽ കേന്ദ്രമായ ട്രഞ്ചിങ് ഗ്രൗണ്ടിലേക്കുള്ള മാലിന്യനീക്കം സ്തംഭിച്ചു. ഹെവൻശ്രീ ഗ്രൂപ് അംഗങ്ങൾക്ക് ഹരിതകർമസേനാംഗങ്ങൾ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ ഈടാക്കുന്ന യൂസർ ഫീ കേന്ദ്രീകരിച്ച് രൂപവത്കരിച്ചിട്ടുള്ള കൺസോർട്യത്തിൽനിന്ന് ശമ്പളം നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യോഗത്തിൽ തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചിരുന്നു. അജണ്ടയിലില്ലാത്ത വിഷയം നിശ്ചിത ചർച്ചകൾക്കൊടുവിലാണ് എടുത്തത്. എന്നാൽ എൽ.ഡി.എഫും ബി.ജെ.പിയും തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നുമാണ് തങ്ങൾക്ക് ശമ്പളം നൽകി വന്നിരുന്നതെന്ന് ഹെവൻശ്രീ അംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിന് തടസ്സമായി ഓഡിറ്റ് പരാമർശങ്ങളും തനത് ഫണ്ടിൽനിന്ന് നൽകരുതെന്ന സർക്കാർ ഉത്തരവുമാണ് ഭരണനേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
കൺസോർട്യത്തിൽനിന്ന് ഹെവൻശ്രീ അംഗങ്ങൾക്ക് ശമ്പളം നൽകുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നവരുടെ സംഘം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ ചർച്ചകളും നടത്തി. വിഷയം പരിഹരിക്കണമെന്നും ഹെവൻശ്രീ അംഗങ്ങൾക്ക് തനത് ഫണ്ടിൽനിന്ന് കഴിഞ്ഞ മാസത്തെ ശമ്പളം നൽകണമെന്നും വാർഡ് കൗൺസിലർ അഡ്വ. ജിഷ ജോബി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.