എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും
text_fieldsഇരിങ്ങാലക്കുട: എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച കേസിൽ ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും ശിക്ഷ. മേത്തല ചാലക്കുളം കോതായിൽ ഡിറ്റിഷ് എന്ന ടുട്ടുമണി (32) , മേത്തല ശാസ്താംപറമ്പ് കടുക്കച്ചുവട് പാത്രക്കടവിൽ റിജപ്പൻ എന്ന ശരത്ത് (33), മേത്തല കണ്ടംകുളം വാരിശ്ശേരി അരുൺ നാഥ് (32), മേത്തല പടന്ന ദേശം പാലക്കപ്പറമ്പിൽ വൈശാഖ് (34) എന്നിവർക്കാണ് ഇരിങ്ങാലക്കുട അഡീഷനൽ അസിസ്റ്റൻഡ് സെഷൻസ് ജഡ്ജ് അഞ്ജു മീര ബിർള രണ്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചത്.
2014 ജനുവരി 25ന് രാത്രി 10ന് കോട്ടപ്പുറം മേനക തിയറ്ററിന് മുൻവശത്തായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മേത്തല കോട്ടപ്പുറം ചിറക്കൽ ഇല്ലത്ത് വീട്ടിൽ റസാഖ്, മേത്തല കോട്ടപ്പുറം കുര്യാപ്പിള്ളി താജുൽ എന്നിവർക്കാണ് മർദനമേറ്റത്. കോട്ടപ്പുറം ടോളിന് സമീപം കൊടിതോരണങ്ങൾ നശിപ്പിച്ചതിനെതിരെ പരാതി നൽകിയ വിരോധത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ടും ഇഷ്ടിക കൊണ്ടും പ്രതികൾ റസാഖിനെയും താജുലിനെയും ആക്രമിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി.കെ. പത്മരാജനാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.