വേറിട്ടൊരു പ്രതിഷേധ രീതിയുമായി ഇരിങ്ങാലക്കുടക്കാർ
text_fieldsഇരിങ്ങാലക്കുട: ചന്ദ്രോപരിതല സമാനമായ ഗർത്തങ്ങൾ നിറഞ്ഞ തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച്, ഉത്തരവാദപ്പെട്ടവരെ ‘ചന്ദ്രനിൽ’ ഇറക്കുന്നതിന്റെ പരിശീലന വിക്ഷേപണം നടത്തി ഇരിങ്ങാലക്കുടക്കാർ.
ശനിയാഴ്ച രാത്രിയിലാണ് ഇരിങ്ങാലക്കുടയാൻ -1 ചന്ദ്രനിൽ ഇറങ്ങിയത്. റോഡുകളുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമരം നടത്തി മൂന്നാഴ്ച കഴിഞ്ഞിട്ടും യഥാവിധി അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ടവരാരും തയാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ ഇരിങ്ങാലക്കുടയാൻ-1 വിക്ഷേപണം.
ഏതാനും ദിവസങ്ങൾക്കുമുമ്പ് ബൈക്ക് യാത്രക്കാരൻ വീണുമരിച്ച റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചത് നാട്ടുകാരും നഗരസഭയിലെ പ്രതിപക്ഷവുമാണ്. തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ ഏതാനും കുഴികൾ താൽക്കാലികമായി അടക്കാൻ കെ.എസ്.ടി.പിയും തയാറായി. പക്ഷെ എവിടെയും ശാശ്വത പരിഹാരമായിട്ടില്ല. യാത്രക്കാർ ഇപ്പോഴും ദുരിതത്തിൽതന്നെയാണ്. ക്രൈസ്റ്റ് കോളജ് ജങ്ഷൻ മുതൽ ഠാണാ ജങ്ഷൻ വരെയുള്ള കുഴികൾ, ഠാണാവിലെ ട്രാഫിക് സിഗ്നലിനു സമീപെത്ത കുഴികൾ, ബൈപാസിലെ കുഴികൾ, വാട്ടർ അതോറിറ്റിയുടെ വക വെട്ടിപ്പൊളിച്ച, മാർവെൽ ഏജൻസീസിനു മുന്നിൽനിന്ന് കിഴക്കോട്ടുള്ള ഉദയ റോഡിലെ കുഴികൾ, ക്രൈസ്റ്റ് കോളജിനു മുന്നിെല റോഡിലെ കുഴികൾ, ഫയർ സ്റ്റേഷൻ റോഡിലെ കുഴികൾ, ഇരിങ്ങാലക്കുടയിൽനിന്ന് കരുവന്നൂർ വരെ നിരവധി കലുങ്കുകൾക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ എന്നിവ ഇപ്പോഴും അപകടാവസ്ഥയിൽതന്നെ തുടരുകയാണ്. നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന ചില താൽക്കാലിക സൂത്രപ്പണികൾ മാത്രമാണ് അറ്റകുറ്റപ്പണിയുടെ പേരിൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതീകാത്മകമായി എം.എൽ.എ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, എം.പി, കെ.എസ്.ടി.പി, കെ.ഡബ്ല്യു.എ, പി.ഡബ്ല്യു.ഡി എന്നിവരെയാണ് റോക്കറ്റിൽ കയറ്റി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്.
അനിൽ മേനത്ത്, വിജിത്ത്, മിനി ജോസ്, മനോജ്, ഷബീർ, ജീസ് ലാസർ, ശിവജി കാട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി. കക്ഷിരാഷ്ട്രീയ ഭേദമന്യേ പലരും പ്രതിഷേധത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.