കുട്ടംകുളം മതില്‍ ഇടിഞ്ഞുവീണിട്ട് 15 മാസം
text_fieldsഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചരിത്രപ്രാധാന്യമുള്ള കുട്ടംകുളത്തിന്റെ മതില്‍ ഇടിഞ്ഞുവീണിട്ട് 15 മാസം പിന്നിടുന്നു. മതിലിടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാനുള്ള ദേവസ്വം നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നു.
2021 മേയ് 15ലെ മഴയിലാണ് കുളത്തിന്റെ തെക്കേ മതില്‍ നടപ്പാതയടക്കം ഇടിഞ്ഞ് കുളത്തിലേക്ക് വീണത്. മതിലിടിഞ്ഞതിനെത്തുടര്‍ന്ന് ദേവസ്വം പ്ലാസ്റ്റിക് കയറുകള്‍ കെട്ടിത്തിരിക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഉത്സവകാലത്തും നാലമ്പല തീര്‍ഥാടന സമയത്തും ഈ ഭാഗം ഷീറ്റുകള്‍ ഉപയോഗിച്ച് താൽക്കാലികമായി കെട്ടിയടച്ചിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞപ്പോള്‍ കരാറുകാര്‍ കെട്ടിവെച്ചിരുന്ന ഷീറ്റുകളെല്ലാം മാറ്റിയതോടെ ഈ ഭാഗം വീണ്ടും തുറന്നുകിടക്കുന്ന അവസ്ഥയിലായി.
വലിയ അപകടഭീഷണിയാണ് ഇതുയര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി, പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ്, നാഷനല്‍ സ്കൂള്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രക്കാരും വിദ്യാര്‍ഥികളും പ്രധാനമായും ആശ്രയിക്കുന്നത് കൂടല്‍മാണിക്യം റോഡിനെയാണ്.
തുറന്നുകിടക്കുന്ന ഈ സ്ഥലത്തിലൂടെ വലിയ വാഹനങ്ങള്‍ പോകുമ്പോൾ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മൂന്നേക്കറോളം വരുന്ന കുളത്തിന്റെ മതില്‍ പുനര്‍നിര്‍മിക്കാന്‍ വലിയ തുക വേണ്ടിവരുമെന്നതിനാല്‍ ഒറ്റക്ക് ചെയ്യാനാകില്ലെന്നാണ് ദേവസ്വം പറയുന്നത്.
ഇതിനായി സര്‍ക്കാറിലേക്ക് പദ്ധതി സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ദേവസ്വം. അതേസമയം, കുട്ടംകുളം നവീകരണത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയും ഇതുവരെ നടപ്പായിട്ടില്ല.
പദ്ധതി പ്രഖ്യാപിച്ചു വന്നപ്പോള്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും, സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ഡോ. ആര്‍. ബിന്ദുവിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാം വിസ്മൃതിയിലായ അവസ്ഥയാണ്. കുട്ടംകുളത്തിന്റെ മതില്‍ പുനര്‍നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമരരംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.