കൂടൽമാണിക്യം കൂത്തമ്പലത്തിലെ ജാതിവിലക്ക് നീങ്ങുന്നു
text_fieldsഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിലെ ജാതിവിലക്ക് നീക്കാൻ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം. അമ്മന്നൂർ ചാക്യാർ കുടുംബത്തിെൻറ അവകാശങ്ങൾ എല്ലാം നിലനിർത്തി അവരുടെ പരിപാടികൾ അരങ്ങേറാത്ത അവസരങ്ങളിൽ ഹൈന്ദവരായ മറ്റ് കൂത്ത്, കൂടിയാട്ടം പ്രതിഭകൾക്കും കൂത്തമ്പലത്തിൽ കൂടിയാട്ടം നടത്താൻ അനുവാദം നൽകാനാണ് തീരുമാനം. അനുമതിക്കായി ദേവസ്വം മന്ത്രിയെയും ദേവസ്വം കമീഷണറെയും സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടൽമാണിക്യം ക്ഷേത്രത്തിലെയും തൃശൂർ വടക്കുന്നാഥനിലെയും കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് ചർച്ചയാവുകയും 'മാധ്യമം' റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ എടവിലങ്ങ് ക്ഷേത്രങ്ങളിലെ കാൽകഴുകിച്ചൂട്ട് വഴിപാട് വിവാദമാവുകയും ദേവസ്വം മന്ത്രിയും കോടതിയും അതിനെതിരെ നിലപാട് എടുക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സാംസ്കാരിക പ്രവർത്തകയായ രേണു രാമനാഥ് സമൂഹ മാധ്യമത്തിലൂടെ കൂടൽമാണിക്യം, വടക്കുന്നാഥൻ കൂത്തമ്പലങ്ങളിലെ ജാതിവിലക്ക് ചർച്ചയാക്കിയത്. രണ്ടിടങ്ങളിലും കൂടിയാട്ടം അവതരിപ്പിക്കാൻ ദേവസ്വം ബോർഡിെൻറ അനുമതിയുള്ളത് ചാക്യാർ, നമ്പ്യാർ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. കൂത്തമ്പലത്തിലെ ജാതി വിലക്കിനെതിരെ അന്തർദേശീയ തലത്തിൽ പ്രശസ്തയായ കൂടിയാട്ടം കലാകാരി കപില വേണു രംഗത്തു വന്നിരുന്നു.
ജാതീയമായ വിലക്കുകൾ ഒഴിവാക്കി ക്ഷേത്രകലകൾക്ക് നവോത്ഥാനം നൽകാൻ അധികാര കേന്ദ്രങ്ങൾ ഇടപെടുകയാണ് വേണ്ടതെന്ന് കപില വേണു വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.