കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുക്കുടി സേവിക്കാൻ എത്തിയത് ആയിരങ്ങൾ
text_fieldsഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുക്കുടി നിവേദ്യം സേവിക്കാനെത്തിയത് ആയിരങ്ങള്‍. തൃപ്പുത്തരി നിവേദ്യം കഴിച്ച് ഭഗവാന് ഉദര സംബന്ധമായ അസുഖം ബാധിച്ചു എന്നും അസുഖം മാറുന്നതിന് വില്വമംഗലം സ്വാമിയാര് മുക്കുടി ഔഷധം നല്‍കുകയും അതു സേവിച്ച് ഭഗവാന്റെ അസുഖം ഭേദമായി എന്നുമാണ് വിശ്വാസം. കുട്ടഞ്ചേരി അനൂപ് മൂസിന്റെ നേതൃത്വത്തിൽ തൈരും പ്രത്യേക ഔഷധക്കൂട്ടുകളും ചേര്‍ത്താണ് മുക്കുടി ഉണ്ടാക്കിയത്.
അതിരാവിലെ ഭഗവാന് നിവേദിച്ചതിനുശേഷം അത് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഐതിഹ്യ പെരുമ നിറയുന്ന മുക്കുടി നിവേദ്യം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടത്തി വരുന്ന ഒരു അനുഷ്ഠാന ചടങ്ങാണ്. മുക്കുടിക്കുള്ള ഔഷധക്കൂട്ടുകള്‍ പ്രത്യേക അനുപാതത്തില്‍ സമര്‍പ്പിക്കാനുള്ള പരമ്പരാഗത അവകാശം കുമാരനെല്ലൂര്‍ കുട്ടഞ്ചേരി മൂസ് കുടുംബത്തിനാണ്. കുളമണ്‍ മൂസാണ് മുക്കുടി നിവേദ്യം ഉണ്ടാക്കുക. അതി രഹസ്യങ്ങളായ ഔഷധക്കൂട്ടുകള്‍ അരച്ച് മൂസ് കുടുംബത്തില്‍നിന്ന് തലേന്ന് വൈകീട്ടുതന്നെ ക്ഷേത്രനടയില്‍ സമര്‍പ്പിക്കും.
പുലര്‍ച്ച കൊട്ടിലാക്കലില്‍ അരച്ചെടുത്ത മരുന്ന് തിടപ്പിള്ളിയിലെത്തിച്ച് മോരില്‍ കലര്‍ത്തി മുക്കുടി നിവേദ്യമാക്കി ഭഗവാന് നിവേദിച്ച ശേഷമാണ് ഭക്തര്‍ക്ക് വിതരണം ചെയ്തത്. ഇക്കുറി മൂവ്വായിരത്തോളം ലിറ്റര്‍ തൈരാണ് മുക്കുടി നിവേദ്യം തയാറാക്കാൻ ഉപയോഗിച്ചതെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു.
ദിവ്യ ഔഷധമായ മുക്കുടി സേവിച്ചാല്‍ ഉദര സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ശമനം ഉണ്ടാകുമെന്ന വിശ്വാസമുള്ളതിനാല്‍ പ്രസാദമായി കിട്ടുന്ന ഈ നിവേദ്യം വാങ്ങാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ഏകദേശം ഏഴായിരത്തോളം പേർക്ക് മുക്കുടി വിതരണം ചെയ്തതായി ദേവസ്വം അധികൃതർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.