വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് സ്വർണം മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: ആളൂർ മാള റോഡിലെ വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലെ ബാഗിൽ നിന്ന് നാലു സ്വർണവളകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുഴൽമന്ദം സ്വദേശിയും ആളൂരിൽ സ്ഥിര താമക്കാരനുമായ കരിങ്ങാത്തോട് വീട്ടിൽ സുകുവിനെയാണ് (32) തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിെൻറ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റ് ചെയ്തത്.
ദിവസങ്ങൾക്കു മുമ്പ് നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിഞ്ഞത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയപ്പോൾ വളകൾ ഊരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണ അണിയാനായി നോക്കിയപ്പോഴാണ് വളകൾ നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടനെ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പരാതിക്കാരുടെ യാത്രാ വിവരങ്ങളും സാഹചര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞ് മുമ്പ് മോഷണത്തിന് പിടിയിലായവരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
സി.സി.ടി.വി ദൃശ്യങ്ങളും സ്വർണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ മോഷണം നടത്തി വിറ്റ സ്വർണ വളകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാചക തൊഴിലാളിയായ പ്രതി ജോലി കഴിഞ്ഞ് വരുന്നതിനിെട മോഷണം നടത്താറുണ്ടെന്നും പരാതിക്കാരുടെ വീട്ടുപരിസരത്തെത്തിയ പ്രതി ഡോർ ലോക്ക് ചെയ്യാതെ കാറിലിരുന്ന ബാഗിൽ നിന്ന് സ്വർണവളകൾ മോഷ്ടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇത്തരത്തിൽ കേസുകളിൽ മുമ്പും ഇയാൾ പിടിയിലായിട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആളൂർ എസ്.ഐ കെ.എസ്. സുബിന്ത്, എം.കെ. ദാസൻ, ടി.എൻ. പ്രദീപൻ , ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ കെ.എസ്. ഉമേഷ്, സോണി സേവ്യർ, ഇ.എസ്. ജീവൻ, ആളൂർ സ്റ്റേഷനിലെ എ.എസ്.ഐ കെ.ടി. ജോഷി, സീനിയർ സി.പി.ഒമാരായ എ.ബി. സതീഷ്, മധു, നിധീഷ്, സീമ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.