ഇന്നസെന്റിന്റെ സ്മരണയിൽ ഈറനണിഞ്ഞ് ഇരിങ്ങാലക്കുട
text_fieldsഇരിങ്ങാലക്കുട: നൈസർഗിക അഭിനയ ചാരുത കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ മഹാപ്രതിഭയായിരുന്നു ഇന്നസെന്റെന്ന് നഗരസഭ ടൗൺഹാളിൽ നടന്ന സർവകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എന്ന നാടിന്റെ പര്യായ പദമാണ് ഇന്നസെന്റെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
നടൻ എന്ന നിലയിലും നിസ്വാർഥ പൊതുപ്രവർത്തകൻ എന്ന നിലയിലും ജനനേതാവെന്ന നിലയിലും നിറഞ്ഞുനിന്ന വ്യക്തിയാണ് ഇന്നസെന്റെന്നും മന്ത്രി പറഞ്ഞു. പ്രഭാതം മുതൽ പ്രദോഷം വരെ മലയാളിയുടെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഇന്നസെന്റ് എന്ന അതുല്യ പ്രതിഭയുടെ സ്വാധീനമുണ്ടെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
അര നൂറ്റാണ്ടിലേറെ സിനിമാലോകത്തും അതിലേറെക്കാലം ഇരിങ്ങാലക്കുടയിലും ഇടക്കാലത്ത് ലോക്സഭയിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം ജീവിതത്തിലെ എല്ലാ പ്രതിസന്ധികളോടും നിർഭയമായി പോരാടിയെന്നും മന്ത്രി പറഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓരോ കഥാപാത്രങ്ങളിലൂടെയും നമുക്ക് മുന്നിലെത്തിയ ഇന്നസെന്റ് ഇരിങ്ങാലക്കുടയുടെ സ്വന്തം എന്ന വിശേഷണത്തിന് ഏറ്റവും അർഹനാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് അനുസ്മരിച്ചു.
സാധാരണ സംഭവങ്ങളെ സരസ രീതിയിൽ അവതരിപ്പിച്ച് ചിരിപടർത്താനുള്ള അദ്ദേഹത്തിന്റെ കഴിവിലൂടെയാണ് അരനൂറ്റാണ്ടിലേറെ അഭിനയ ലോകത്ത് ശോഭിക്കാൻ കഴിഞ്ഞതെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ വ്യക്തമാക്കി. ജനഹൃദയങ്ങളിൽ തന്റെ ഓർമച്ചെപ്പുകൾ അവശേഷിപ്പിച്ചാണ് പ്രിയ നടന്റെ മടക്കമെന്ന് ഠാണാ ജുമാ മസ്ജിദ് ഇമാം കബീർ മൗലവി അനുസ്മരിച്ചു.
ഇന്നസെന്റിനെക്കുറിച്ച് ഒരായിരം ഓർമകളാണ് മനസിലെത്തുന്നതെന്ന് സംവിധായകൻ മോഹൻ അഭിപ്രായപ്പെട്ടു. സ്കൂൾ കാലം മുതൽ അടുത്തറിഞ്ഞിരുന്ന ഇന്നസെന്റിന്റെ നഷ്ടം തീരാവേദനയാണെന്ന് ഐ.ടി.യു ബാങ്ക് ചെയർമാനും കെ.പി.സി.സി മുൻ അംഗവുമായ എം.പി. ജാക്സൺ അനുസ്മരിച്ചു.
ജോസ് വള്ളൂർ, കെ.കെ. വത്സരാജ്, കൃപേഷ് ചെമ്മണ്ട, എ.വി. വല്ലഭൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, യൂജിൻ മൊറോലി, ഉണ്ണികൃഷ്ണൻ ഇടച്ചരത്ത്, പി.ആർ.എൻ. നമ്പീശൻ, പി.എം. ഏലിയാസ്, എം.പി. ജോബി, ജോഷി കുര്യാക്കോസ്, പി.കെ. സുബ്രഹ്മണ്യൻ, റിയാസുദ്ദീൻ, പി.കെ. ഡേവിസ്, യു. പ്രദീപ് മേനോൻ, കെ.യു. അരുണൻ, പ്രഫ. സാവിത്രി ലക്ഷ്മണൻ, പി.കെ. പ്രസന്നൻ, പി.കെ. ഭരതൻ, സോണിയ ഗിരി, ടി.വി. ചാർളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.