വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; ‘നഗരസഭ ചെയർപേഴ്സൻ പ്രസ്താവന തിരുത്തി മാപ്പ് പറയണം’
text_fieldsഇരിങ്ങാലക്കുട: കുഴിയില്‍ വീണ് വാഹനാപകടത്തിൽ മടത്തിക്കര സ്വദേശിയും എസ്.എൻ.ബി.എസ് സമാജം ഭരണസമിതി അംഗവും എസ്.എൻ.വൈ.എസ് ട്രഷററും ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ല എക്സിക്യൂട്ടിവ് അംഗവുമായ മുക്കുളം വീട്ടിൽ ബിജോയ് മരിച്ച സംഭവത്തിൽ നഗരസഭ ചെയർപേഴ്സൻ നടത്തിയ പ്രസ്താവന നിർഭാഗ്യകരമാണെന്നും തിരുത്തണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമുള്ള ആവശ്യവുമായി സമാജം ഭരണസമിതി. ബിജോയിയെ ചികിത്സിച്ച സഹകരണ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും സമാജം പ്രസിഡന്റ് എൻ.ബി. കിഷോർ കുമാർ, സമാജം വികസന കമ്മിറ്റി കൺവീനർ എം.കെ. വിശ്വംഭരൻ മുക്കുളം എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഒരു വർഷമായി നികത്താതെ കിടക്കുന്ന കുഴിയിൽചാടിയ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നഗരസഭയുടെയും ചെയർപേഴ്സന്റെയും സഹകരണ ആശുപത്രിയുടെയും ഭാഗത്തുനിന്നും ഉണ്ടായത്. കൃത്യമായി ഇ.സി.ജി പരിശോധന പോലും നടത്താൻ ചികിത്സ നടത്തിയവർക്ക് കഴിഞ്ഞിട്ടില്ല.
ആശുപത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് ചെയർപേഴ്സൻ രംഗത്ത് ഇറങ്ങിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ആന്തരിക അവയവങ്ങളുടെ ലാബ് റിപ്പോർട്ടിന്റെയും ഫലങ്ങൾ കിട്ടിയശേഷം കൂടതൽ നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ഇവർ അറിയിച്ചു. സമാജം സെക്രട്ടറി വേണു തോട്ടുങ്ങൽ, വൈസ് പ്രസിഡന്റ് ഷിജിൻ തവരങ്ങാട്ടിൽ, ട്രഷറർ ദിനേശ് എളന്തോളി, എസ്.എൻ.വൈ.എസ് പ്രസിഡന്റ് കെ.യു. അനീഷ്, സെക്രട്ടറി ബിജു കൊറ്റിക്കൽ, ക്ഷേത്രം മാതൃസംഘം പ്രസിഡന്റ് ബിന്ദു ഷൈജു, ബിജോയിയുടെ പിതാവ് മോഹനൻ, ബിജോയിയുടെ സഹോദരിമാർ, ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ഡെൻസൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കുഴികളിൽ റീത്തുവെച്ച് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയുടെ അലംഭാവത്തിനെതിരെ എസ്.എൻ.വൈ.എസ്, ലോറി ഓണേഴ്സ് അസോസിയേഷൻ, ബിജോയിയുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലത്ത് റീത്തുവച്ച് പ്രതിഷേധിച്ചു. എസ്.എൻ.വൈ.എസ് പ്രസിഡന്റ് കെ.യു. അനീഷ്, സെക്രട്ടറി വിജു കൊറ്റിക്കൽ, ലോറി ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പീച്ചി ജോൺസൻ, ഷിജിൽ കവരങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട: ബി.എം.എസ് ഇരിങ്ങാലക്കുട മേഖല കമ്മിറ്റി അപകട സ്ഥലത്തെ കുഴികളിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. മേഖല പ്രസിഡന്റ് അജയഘോഷ് ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി റോഷിത്ത് എടച്ചാലി, ഇ.കെ. ജിജു, വി.വി. ബിനോയ്, കെ.വി. സിബി, എ.ജെ. രതീഷ് എന്നിവർ നേതൃത്വം നൽകി.
കുഴികള്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അടച്ചു
ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് റോഡില്‍ കഴിഞ്ഞ ദിവസം യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന നഗരസഭയുടെ നിലപാടിൽ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്തു അടച്ചു. സഹായത്തിനായി നാട്ടുകാരും ഉണ്ടായിരുന്നു. കൗൺസിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, സി.സി. ഷിബിന്‍, അല്‍ഫോണ്‍സ തോമസ്, ടി.കെ. ജയനന്ദന്, ഷെല്ലി വില്‍സണ്‍, അഡ്വ. ജിഷ ജോബി, എം.എസ്. സഞ്ജയ്, കെ.ആര്. ലേഖ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.