കരുവന്നൂര്‍ ബംഗ്ലാവ് ഒമ്പതുമുറി കോളനിയിൽ കുടിവെള്ളത്തിന് നെട്ടോട്ടം
text_fieldsഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴക്കും വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിനും സമീപത്തായിരുന്നിട്ടും കുടിവെള്ളത്തിന് നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ് ഒമ്പതുമുറി കോളനിക്കാര്‍. നഗരസഭ രണ്ടാം ഡിവിഷനിലെ കോളനിയില്‍ താമസിക്കുന്ന പത്ത് കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം അന്യമാകുന്നത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതക്ക് ഇരുവശത്തും താഴെയായിട്ടാണ് കോളനിയിലെ വീടുകള്‍. ഇതോട് ചേര്‍ന്നാണ് വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ്. എന്നാല്‍ കുടിവെള്ളം ശേഖരിക്കാന്‍ റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയാണ്. കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് ഒട്ടേറെ തവണ നഗരസഭയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ആദ്യകാലത്ത് റോഡിനോട് ചേര്‍ന്ന പൊതുകിണറ്റില്‍നിന്നും വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ കാലങ്ങളായി അത് വൃത്തിയാക്കാത്തതിനാല്‍ മാലിന്യംനിറഞ്ഞ് കാടുകയറിയ നിലയിലാണ്. ജനകീയ ആസൂത്രണം 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒമ്പതുമുറി കുടിവെള്ള പദ്ധതിക്കായി ഇരിങ്ങാലക്കുട നഗരസഭ അഞ്ച് ലക്ഷം രൂപ വകയിരുത്തിയത്. കിണർ വൃത്തിയാക്കി ടാങ്കും പമ്പ് സെറ്റും സ്ഥാപിച്ച് പൈപ്പ് ലൈന്‍ വലിക്കുന്നതായിരുന്നു പദ്ധതി. ഇതിനായി ടെന്‍ഡര്‍ വിളിച്ച് കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തി ചെയ്യുന്ന സ്ഥലം പി.ഡബ്ല്യു.ഡി റോഡിനോട് ചേര്‍ന്നായതിനാല്‍ റോഡിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല.
ഇതോടെ പദ്ധതി ഉപേക്ഷിച്ചതായാണ് പൊതുപ്രവര്ത്തകൻ ഷിയാസ് പാളയംകോടിന് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍, ഇതിന്റെ ഉത്തരവാദിത്തം നഗരസഭക്ക് മാത്രമാണെന്ന് ഷിയാസ് പാളയംകോട് ആരോപിച്ചു. 2021 മാര്‍ച്ചിലാണ് റോഡിന്റെ അതിര്‍ത്തി നിര്‍ണയിച്ച് നല്കാന് ആവശ്യപ്പെട്ട് നഗരസഭ പി.ഡബ്ല്യു.ഡിക്ക് കത്ത് നല്‍കിയത്. പദ്ധതി കാലാവധി കഴിയുന്ന മാസം വരെ കാത്തിരുന്നതാണ് തിരിച്ചടിയായത്.
അതിനാല്‍ അടിയന്തരമായി പുതിയ പദ്ധതി വിളിച്ച് പ്രദേശത്തെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ ചെയര്പേഴ്സൻ, തഹസില്‍ദാര്‍, ജില്ല കലക്ടര്‍, മനുഷ്യാവകാശ കമീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമീഷന് ആദ്യപടിയായി പൊതുമരാമത്ത് റോഡിന്റെ അതിര്‍ത്തി നിര്‍ണയിച്ച് അറിയിക്കാന്‍ നിർദേശിച്ചു. എന്നാല്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ഒമ്പതുമുറി കോളനി നിവാസികളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.