നഗരസഭ ജീവനക്കാരന് സസ്പെൻഷൻ നോട്ടീസ് നൽകിയില്ല; കൗൺസിലിൽ എൽ.ഡി.എഫ് പ്രതിഷേധം
text_fieldsഇരിങ്ങാലക്കുട: സാമ്പത്തിക ക്രമക്കേട് നടത്തിയ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ നോട്ടീസ് നൽകാതിരുന്നതിനെ ചൊല്ലി നഗരസഭ യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. ക്രമക്കേട് കാണിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ ഈ മാസം എട്ടിന് ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
രണ്ടാഴ്ച പിന്നിട്ടിട്ടും നോട്ടീസ് ജീവനക്കാരന് നേരിട്ട് എത്തിക്കാൻ നടപടി സ്വീകരിക്കാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. നിശ്ചിത അജണ്ടകൾക്ക് മുമ്പായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയയാണ് കൗൺസിലിൽ വിഷയം ഉന്നയിച്ചത്. ജീവനക്കാരന് സസ്പെൻഷൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും കൈപ്പറ്റിയില്ലെന്നും നോട്ടീസ് കൈപ്പറ്റാൻ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു.
വിവിധ വിഷയങ്ങളിൽ മിടുക്ക് കാണിക്കാറുള്ള സെക്രട്ടറിക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിരിക്കുകയാണെന്ന് കെ.ആർ. വിജയ പറഞ്ഞു. തനിക്ക് ഉത്തരവിൽ ഒപ്പിടാൻ മാത്രമേ കഴിയുവെന്നും നടപടി നഗരകാര്യ ഡയറക്ടർക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
പെട്ടിക്കടക്കാരന്റെ വീട്ടിൽ വരെ ചെന്ന് നോട്ടീസ് പതിക്കാൻ ശുഷ്കാന്തി കാണിക്കുന്ന നഗരസഭക്ക് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് എൽ.ഡി.എഫ് കൗൺസിലർ സി.സി. ഷിബിൻ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ അജണ്ടകൾക്കുശേഷമേ അനുവദിക്കൂവെന്ന് ചെയർപേഴ്സൻ പ്രഖ്യാപിച്ചു. ഇതോടെ മുദ്രാവാക്യങ്ങൾ ഉയർത്തി എൽ.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി.
ബഹളങ്ങൾക്കിടയിൽ കാര്യമായ ചർച്ച കൂടാതെ 19 അജണ്ടയും മുക്കാൽ മണിക്കൂറിനുള്ളിൽ യോഗം പാസാക്കി. കരുവന്നൂർ ബാങ്കിന്റെ നിലപാടുമൂലം ഇരുപതോളം ഗുണഭോക്താക്കൾ ലൈഫ് പദ്ധതിയിൽനിന്ന് പുറത്താകുന്ന സാഹചര്യമാണെന്നും പ്രശ്നം പരിഹരിക്കാൻ നിയമസാധ്യത തേടണമെന്നും ബി.ജെ.പി അംഗം ടി.കെ. ഷാജു ആവശ്യപ്പെട്ടു. ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.