മിഷൻ അന്ത്യോദയ: ജില്ലയിൽ സർവെ തുടങ്ങി
text_fields
തൃശൂർ: അടിസ്ഥാന സൗകര്യം, മാനവ വികസനം, സാമ്പത്തികസ്ഥിതി എന്നിവയുടെ അവസ്ഥ നിർണയിക്കുന്ന സുപ്രധാന സൂചകങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടിയുളള മിഷൻ അന്ത്യോദയ സർവ്വെ 2020 ജില്ലയിൽ ആരംഭിച്ചു. ഓരോ പഞ്ചായത്തിലും വില്ലേജ് അടിസ്ഥാനമാക്കിയുളള മാനവ സമൂഹത്തിന്റെ അടിസ്ഥാന
വിവരങ്ങളാണ് ഈ സർവ്വെയിലൂടെ ശേഖരിക്കുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് ഓരോ പഞ്ചായത്തിൽ നിന്നും ഈ സർവ്വെയുടെ വിവരങ്ങൾ ശേഖരിക്കുന്നത്. കൃഷി, മൃഗസംരക്ഷണം,
സാമൂഹ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ്ങ്, ഹൗസിങ്ങ്, വനിതാ ശിശു വികസനം, കുടിവെളള സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ചുളള വിവരങ്ങൾ ഈ സർവ്വെയിലൂടെ
വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാർ ശേഖരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം രാജ്യം ഒട്ടാകെയുളള പഞ്ചായത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ അഖിലേന്ത്യ അടിസ്ഥാനത്തിൽ മിഷൻ അന്ത്യോദയ പോർട്ടൽ വഴി റാങ്കിങ്ങ് നടത്തും. സാമൂഹ്യവും സാമ്പത്തികവുമായി ഏറ്റവും താഴ്ന്ന നിലവാരത്തിൽ കഴിയുന്ന ജനങ്ങളുടെ ഉന്നമനമാണ് ഈ സർവ്വെയിലൂടെ വിഭാവനം ചെയ്യുന്നത്.
സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർവഹിച്ചു. ഓരോ പഞ്ചായത്തിലേയും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വകുപ്പിലെ വിവരങ്ങൾ നിശ്ചിത സമയത്തിനകം സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർക്ക് കൈമാറണമെന്ന് കളക്ടർ അറിയിച്ചു. ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീലത, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് അബ്ദുൾ ലത്തീഫ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ശിവപ്രസാദ്, ജില്ലാ ഓഫീസർ ലേഖ കെ.ടി., സിഡിപിഒ ഷംസാദ് റിസർച്ച് ഓഫീസർമാരായ രതീഷ് പി.എൻ, ഹബീബുളള പി.എം. , റിസർച്ച് അസിസ്റ്റന്റ് ബിന്ദു സി. എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.