‘പാൻഗോര കേരളയൻസിസ്’; പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി
text_fields‘പാൻഗോര കേരളയൻസിസ്’ എന്ന നിശാശലഭം
ഇരിങ്ങാലക്കുട: കേരളത്തിൽ പുതിയ ഇനം നിശാശലഭത്തെ ക്രൈസ്റ്റ് കോളജിലെ ഗവേഷകർ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലേപിഡോപ്ടീര ഓർഡറിലെ എഡെബിറ’ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയെ കേരളത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ‘പാൻഗോര കേരളയൻസിസ്’ എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. ദക്ഷിണ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോര നിശാശലഭ ജനുസ്സിൽ ഇതുവരെ നാല് ഇനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. 1916ന് ശേഷം ആദ്യമായാണ് ഈ ജനുസ്സിൽ പുതിയൊരു ഇനത്തെ കണ്ടുപിടിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ജാനകിക്കാട്, കോട്ടയം ജില്ലയിലെ മേച്ചാൽ എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേർണൽ ഓഫ് ഏഷ്യ-പസഫിക് ബയോഡൈവേഴ്സിറ്റി യുടെ പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. അഭിലാഷ് പീറ്ററിന്റെ നേതൃത്വത്തിലുള്ള എൻഡമോ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥി പി.കെ. ആദർശ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. കേന്ദ്ര ജന്തുശാസ്ത്ര ഗവേഷണ സ്ഥാപനമായ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുണെയിലെ ശാസ്ത്രജ്ഞൻ ഡോ. കെ.പി. ദിനേശ്, ഗവേഷക എ. ശബ്നം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ലണ്ടനിലെ ശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് സില്ലി എന്നിവരും ഈ കണ്ടെത്തലിൽ പങ്കാളികളാണ്. യു.ജി.സി ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.