പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതി; ഇരിങ്ങാലക്കുട നഗരസഭ ഏറെ മുന്നിൽ
text_fieldsഇരിങ്ങാലക്കുട: പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിയിൽ നേട്ടവുമായി ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി ആരംഭിച്ച 2017 മുതൽ 2021 വരെയായി 642 വീടുകളുടെ നിർമാണമാണ് അഞ്ച് ഡി.പി.ആർ വഴിയായി നഗരസഭ പൂർത്തീകരിച്ചത്. ആകെ 659 വീടുകളുടെ ഗുണഭോക്താക്കളുമായാണ് കരാർ ഒപ്പിട്ടിരുന്നത്.
ഇതിൽ ആറ് വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. 2021, 2022 വർഷങ്ങളിലായി 41 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 374 ഗുണഭോക്താക്കളിൽ 244 പേർ ഭവന നിർമാണത്തിനായുള്ള കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണവും പൂർത്തിയായി.
സ്വന്തമായി ഭൂമിയുള്ളവർക്ക് വീട് നിർമിക്കാൻ നാല് ലക്ഷം രൂപയാണ് നല്കുന്നത്. രണ്ട് ലക്ഷം രൂപ നഗരസഭ വിഹിതവും ഒന്നര ലക്ഷം കേന്ദ്ര വിഹിതവും അമ്പതിനായിരം രൂപ സംസ്ഥാന വിഹിതവുമാണ്. ഇതിനകം ആറരക്കോടി രൂപയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കൈമാറിയത്.
പദ്ധതി പ്രകാരം നഗരസഭയിൽ മാത്രം 682 വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. കൂടുതൽ വീടുകൾ നിർമിച്ച് കൈമാറിയിട്ടുള്ള തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിൽ നഗരസഭ മുന്നിലാണെന്ന് അധികൃതർ പറയുന്നു.
വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 97 % നിർവഹണമാണ് നഗരസഭ നടത്തിയിരിക്കുന്നത്. ഫണ്ട് ലഭിച്ച് ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭവന നിർമാണം പൂർത്തീകരിച്ചവർക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണവും താക്കോൽ ദാനവും ബുധനാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.