ആചാരത്തനിമയിൽ പോത്തോട്ടോണം
text_fieldsഇരിങ്ങാലക്കുട: ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം. കാര്‍ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തുന്നത്. ഏഴ് ദിവസം മുമ്പ് ക്ഷേത്രത്തില്‍ പോത്തുകള്‍ക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് ‘പോത്തിനെ മൂളിക്കുക’ എന്ന ചടങ്ങോടുകൂടിയാണ് ആഘോഷം തുടങ്ങുന്നത്.
ഏഴു ദിവസത്തെ വ്രതത്തിനുശേഷം കര്‍ഷകര്‍ പോത്തുകളുമായി ക്ഷേത്രത്തില്‍ എത്തും. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്ക് മുന്നില്‍ ആര്‍ത്തോട്ടത്തിനുശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുക. പോത്തോട്ടക്കല്ലില്‍ പഴയകാലത്തിന്റെ കാര്‍ഷികോത്പന്നത്തിന്റെ പ്രതീകമെന്ന നിലക്ക് നെല്ലിന്‍കറ്റ കൊണ്ടുവെക്കും. പോത്തുകളുടെ ശക്തി പരീക്ഷിക്കാന്‍ കര്‍ഷകരുടെ നേതാവായി വള്ളുവന് പോത്തോട്ടക്കല്ലില്‍ ഇരിക്കുകയും കൊണ്ടുവരാന്‍ കല്പിക്കുകയും ചെയ്യും.
തന്റെ മുന്നിലെത്തുന്ന ഉരുക്കളെ ഇളനീരും പൂവും നെല്ലും എറിഞ്ഞ് അനുഗ്രഹിക്കും. തുടര്‍ന്ന് തറക്ക് ചുറ്റും പോത്തുകളെ മൂന്ന് പ്രദക്ഷിണം ഓടിച്ച് ഓരോ ദേശക്കാരെയും അനുഗ്രഹിച്ച് ഉരുക്കളുടെ ശക്തിയെപറ്റി ഊരാളനെ ധരിപ്പിക്കും. അനുഗ്രഹസൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കൽപന ചൊല്ലുന്നതോടെ പോത്തോട്ട ചടങ്ങുകള്‍ സമാപിക്കും.
വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന പോത്തുകള്‍ തറക്കുചുറ്റും ഓടി ശക്തി തെളിയിക്കുമ്പോള്‍ വെള്ളോന്‍ ഇരിക്കുന്ന കല്ലില്‍ പോത്തുകള്‍ തൊട്ടാല്‍ ആ പോത്തുകളുടെ ഉടമാവകാശം ക്ഷേത്രത്തിനാണെന്നാണ് ഐതീഹ്യം. ഇതിനിടയില്‍ കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായ വഴക്കുകള്‍ പറഞ്ഞുതീര്‍ക്കുന്ന പതിവുമുണ്ട്. തുടര്‍ന്ന് ഇതിന്റെ സൂചനയായി ചില പാട്ടുകള്‍ പാടുന്നു. പണ്ടുകാലങ്ങളില്‍ കാര്‍ഷികവൃത്തിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പുലയസഭയില്‍പെട്ടവരുടെ മരുമക്കത്തായ വ്യവസ്ഥയില്‍ പിന്തുടര്ച്ചക്കാരായി വരുന്ന വെള്ളോന്‍മാരാണ് പോത്തോട്ടത്തിന് ഇരിക്കുക.
രാപ്പാൾ, ആറാട്ടുപുഴ, തൊട്ടിപ്പാള്‍, മൂർക്കനാട്, തളിയക്കോണം തുടങ്ങിയ ദേശങ്ങളില്‍ നിന്നുള്ള ആറ് സംഘങ്ങളാണ് പോത്തോട്ടോണത്തിൽ പങ്കെടുത്തത്. സേതുമാധവൻ വെളിച്ചപ്പാട് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് എ. നാരായണൻ, സെക്രട്ടറി എം.ആർ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.