കുർബാന തർക്കം: സഭക്കെതിരെ ഇരിങ്ങാലക്കുട രൂപത വൈദികർ
text_fieldsഇരിങ്ങാലക്കുട: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും ചേർന്ന് വിശുദ്ധ കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികർക്കും സന്യസ്ഥർക്കും വിശ്വാസികൾക്കുമായി പുറപ്പെടുവിച്ച സർക്കുലറിനെതിരെ ഇരിങ്ങാലക്കുട രൂപതയിൽ വൈദികരുടെ പ്രതിഷേധം.
1896 മുതൽ ചങ്ങനാശ്ശേരി ലോബി എറണാകുളം വിഭാഗത്തെ തളർത്താനും തകർക്കാനും ചങ്ങനാശ്ശേരി കൽദായ മേൽക്കോയ്മ സ്ഥാപിക്കാനും കുതന്ത്രങ്ങൾ മെനഞ്ഞുവെന്നും 1999ൽ വിശുദ്ധ കുർബാന അർപ്പണത്തിൽ 50:50 എന്ന ഏകീകൃത രൂപം വന്നപ്പോൾ ഇന്നത്തെ ചങ്ങനാശ്ശേരി ലോബിക്ക് നേതൃത്വം നൽകുന്നവരുടെ അന്നത്തെ പ്രതിഷേധവും പ്രകടനങ്ങളും പുറംലോകം അറിഞ്ഞതാണെന്നും വൈദികരുടെ കുറിപ്പിൽ പറയുന്നു.
എറണാകുളം -അങ്കമാലി അതിരൂപതക്കെതിരെ സർക്കുലർ ഇറക്കി ആറര ലക്ഷം വിശ്വാസികളെയും 400ലധികം വൈദികരെയും വിശുദ്ധ കുർബാനയിലെ അപ്രസക്തമായ അനുഷ്ഠാനത്തിന്റെ പേരിൽ പൗരസ്ത്യ സഭ നിയമസംഹിതയിൽ ഇല്ലാത്ത സ്വാഭാവിക മഹറോൻ ശിക്ഷയും ശീശ്മയും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് അപലപനീയവും നിന്ദ്യവും പൈശാചികവുമാണെന്ന് വൈദികർ കുറിപ്പിൽ പറയുന്നു. ഇരിങ്ങാലക്കുട രൂപതയിലെ വൈദിക സമൂഹം ഈ നടപടിയെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുകയാണെന്നും കുറിപ്പിൽ പറഞ്ഞു.
തൃശൂർ അതിരൂപത വൈദികരും രംഗത്ത്
കൊച്ചി: കുർബാന തർക്കത്തിൽ സിറോ മലബാർ സഭ നേതൃത്വത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയിലെ വൈദികർക്ക് പിന്നാലെ തൃശൂർ അതിരൂപതയിലെ വൈദികരും രംഗത്ത്. അതിരൂപതയിലെ 233 വൈദികരാണ് സഭ നടപടികളിൽ പ്രതിഷേധിച്ച് മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിൽ, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് ആർച്ബിഷപ് മാർ ബോസ്കോ പുത്തൂർ എന്നിവർക്ക് കത്തെഴുതിയത്.
അതിരൂപതയിലെ ആറര ലക്ഷത്തോളം വിശ്വാസികളെയും 450ഓളം വൈദികരെയും സഭയിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള സർക്കുലറിന്റെയും തുടർന്ന് നടന്ന സിനഡിനുശേഷവും അരക്ഷിതാവസ്ഥ തുടരുന്നതിന്റെയും സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്ന് വൈദികർ വ്യക്തമാക്കുന്നു. ‘ജനാഭിമുഖ കുർബാനയുടെ ആവശ്യകതയും അർഥവും ആഴവും ഒരുകാലത്ത് തങ്ങളെ പഠിപ്പിക്കുകയും വാദിക്കുകയും ചെയ്തിരുന്ന നിങ്ങൾതന്നെ സഭയുടെ നാശത്തിന് നാന്ദിയാകുന്നു’വെന്ന് കത്തിൽ വിമർശനമുണ്ട്. ഏകീകൃത രൂപം അടിച്ചേൽപിച്ച് 34 രൂപതകളും അംഗീകരിച്ചെന്ന് കൊട്ടിഗ്ഘോഷിക്കുമ്പോഴും പഴയതിനേക്കാൾ മോശം അവസ്ഥയിലാണിപ്പോൾ. ഐക്യരൂപം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന 34 രൂപതകളിൽനിന്ന് കുർബാനരീതിയെക്കുറിച്ച് സ്വതന്ത്രമായ അഭിപ്രായ സർവേ നടത്താൻ ധൈര്യമുണ്ടോയെന്ന് ചോദിക്കുന്ന കത്തിലൂടെ എറണാകുളം അതിരൂപതക്ക് മഹറോൻ ശിക്ഷ വിധിക്കുന്ന സർക്കുലറിനെ തൃശൂർ അതിരൂപത വൈദികർ ശക്തമായി അപലപിക്കുന്നുണ്ട്. ഇന്നും ജനാഭിമുഖ കുർബാന തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽതന്നെയാണ് തൃശൂർ വൈദിക സമൂഹമെന്നും ഇതിനുള്ള സത്വരനടപടികൾകൂടി സിനഡിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ആരാധനാക്രമ സംരക്ഷണ സമിതി പ്രസിഡന്റ് ഫാ. ജോൺ അയ്യങ്കാനായിൽ, സെക്രട്ടറി ഫാ. സേവീസ് ചക്കാലക്കൽ തുടങ്ങിയവർ ചേർന്നാണ് കത്തെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.