‘പ്രൗളർ’ സിംപിളാണ്... ബട്ട് പവർഫുൾ
text_fieldsഇരിങ്ങാലക്കുട: ഇലക്ട്രിക് ഓൾ ടെറൈൻ വെഹിക്കിൾ (എ.ടി.വി) നിർമിച്ച് ചരിത്രമെഴുതി ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ. ഓട്ടോമൊബൈൽ എൻജിനീയർമാരുടെ അഖിലേന്ത്യ സൊസൈറ്റിയായ എസ്.എ.ഇ ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച ഇ-ബാഹ ചലഞ്ചിനായാണ് വാഹനം വികസിപ്പിച്ചത്.
മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപകരായ സുനിൽ പോൾ, ഡോണി ഡൊമിനിക്ക് എന്നിവരുടെ മേൽനോട്ടത്തിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ 32 വിദ്യാർഥികളടങ്ങുന്ന സംഘമാണ് എട്ട് മാസത്തെ ശ്രമഫലമായി പ്രോജക്ട് പൂർത്തിയാക്കിയത്. ‘പ്രൗളർ’ എന്ന് പേരിട്ട വാഹനത്തിന് ഏഴ് ലക്ഷം രൂപയാണ് നിർമാണ ചെലവ്. എസ്.എ.ഇയുടെയും എ.ആർ.എ.ഐയുടെയും പ്രോട്ടോക്കോളുകൾ പാലിക്കുന്ന വിധത്തിലാണ് നിർമാണം.
3000 ആർ.പി.എം വേഗത കൈവരിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 150 ടീമുകൾ മാറ്റുരച്ച ഇ-ബാഹ ചലഞ്ചിന്റെ അവസാന ഘട്ടത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത അഞ്ച് വാഹനങ്ങളിൽ ഒന്നാകാൻ പ്രൗളറിന് കഴിഞ്ഞു.
വാഹനത്തിന്റെ ലോഞ്ച് ഭിന്നശേഷി വിഭാഗത്തിലെ ലോകകപ്പ് ക്രിക്കറ്റ് താരം അനീഷ് പി. രാജൻ നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ജോയൻറ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആൻറണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി.ഡി. ജോൺ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.