ബസുകളുടെ മരണപ്പാച്ചിൽ; തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ അപകടങ്ങൾ തുടർക്കഥ
text_fieldsഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപാച്ചിലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിച്ച് ബസുകൾ പായുമ്പോഴും നോക്ക് കുത്തികളാവുകയാണ് അധികൃതർ. ഞായറാഴ്ച രാവിലെ മാപ്രാണം കപ്പേളക്ക് സമീപം നിയന്ത്രണം വിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് രണ്ട് സ്കൂട്ടറിലും കപ്പേളയിലും ഇടിച്ച് അപകടം ഉണ്ടായി.
ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുന്നിൽ ഇൻഡിക്കേറ്റർ ഇട്ട് വലത് വശത്തേക്ക് തിരിയുകയായിരുന്ന ദമ്പതികളുടെ സ്കൂട്ടറിൽ തട്ടി കപ്പോളക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറിലും കപ്പേളയിലും ഇടിച്ച് നിന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ തുരുത്തിപറമ്പിൽ സ്വദേശികളായ വർഗീസ്, മേരി എന്നിവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കപ്പോളക്കും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി മാപ്രാണം സെന്ററിന് സമീപം മറ്റൊരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിലിടിച്ചിരുന്നു. റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്ന ആവശ്യം നിരന്തരമായി ജനം ഉന്നയിച്ചിട്ടും വിഷയം ഏറ്റെടുക്കാൻ രാഷ്ട്രീയ പാർട്ടികളോ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോ തയ്യാറാകുന്നില്ലെന്ന് രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.