അപകട ഭീഷണിയായി ഇരിങ്ങാലക്കുട റോഡിലെ കുഴികള്‍
text_fieldsഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ റോഡുകളിലെ കുഴികളടക്കാന്‍ താൽക്കാലികമായി മണ്ണിട്ട് നികത്തിയത് ഫലപ്രദമായില്ല. ബൈപാസ് റോഡ്, ക്രൈസ്റ്റ് കോളജ് വഴി ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന റോഡ് എന്നിവിടങ്ങളിലെല്ലാം അപകടഭീഷണിയായിരുന്ന വലിയ കുഴികള്‍ രണ്ടുമാസം മുമ്പാണ് താൽക്കാലികമായി മണ്ണിട്ട് നികത്തിയത്.
എന്നാല്‍, ഇപ്പോള്‍ കുഴികളിലെ മണ്ണെല്ലാംനീങ്ങി കൂടുതല്‍ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. ഇരിങ്ങാലക്കുട നഗരത്തിന്റെ പ്രധാനപ്പെട്ട വികസനനേട്ടമായി കൊട്ടിഘോഷിക്കുന്ന ബൈപാസ് റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
രണ്ടുമാസം മുമ്പ് ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍വീണ് അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് താൽക്കാലികമായി കല്ലും മണ്ണുമിട്ട് കുഴികള്‍ അടച്ചത്. ഇപ്പോള്‍ മണ്ണുംകല്ലും പോയി റോഡില്‍ കുഴികളുടെ എണ്ണം വര്‍ധിച്ചതായി യാത്രക്കാര്‍ പറയുന്നു.
കുഴികളുടെ ആഴം അറിയാതെ പല വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണ്. എ.കെ.പി ജങ്ഷനില്‍നിന്ന് ബൈപാസ് റോഡിലേക്ക് എത്തുന്നതിന് മുമ്പുള്ള വസ്ത്രവ്യാപാരശാലക്ക് മുന്നിലും റോഡുതകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. തൃശൂര്‍ ഭാഗത്തുനിന്നും സിവില്‍ സ്റ്റേഷന് ഭാഗത്തുനിന്നും വരുന്ന ബസുകളടക്കം ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് ഈ കുഴികള്‍. ഓണത്തിന് മുമ്പ് പ്രധാന റോഡുകളിലെ കുഴികളടച്ച് യാത്രാദുരിതം പരിഹരിക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്ന യാത്രക്കാരുടെ ആവശ്യവും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.