ദുരിതപർവം താണ്ടി യുദ്ധമുഖത്തുനിന്ന് രേഹനെത്തി
text_fieldsഇരിങ്ങാലക്കുട: യുദ്ധമുഖത്തുനിന്ന് ആറ് രാപ്പകലുകള്‍ നീണ്ട ദുരിതയാത്രക്കുശേഷം വീട്ടിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് രേഹന്‍. എം.ബി.ബി.എസ് സ്വപ്നവുമായി കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് മാപ്രാണം വട്ടപ്പറമ്പില്‍ വിനോദിന്‍റെയും റിജിനയുടെയും മകനായ രേഹന്‍ യുക്രെയ്‌നിലെ പ്രശസ്തമായ ഖാര്‍കീവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെത്തിയത്. യുദ്ധം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതില്‍ ഇന്ത്യന്‍ എംബസി പരാജയപ്പെട്ടതായി രേഹന്‍ പറയുന്നു.
അഞ്ചു ദിവസത്തോളം ബങ്കറില്‍ കഴിഞ്ഞ ശേഷം 80 പേര്‍ അടങ്ങുന്ന വിദ്യാര്‍ഥി സംഘം മാര്‍ച്ച് ഒന്നിനാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചത്. ഇതിലും എംബസിയുടെ ഒരു ഇടപെടലും ഉണ്ടായില്ല. ഖാര്‍കീവില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ലെവീവിലും തുടര്‍ന്ന് ബസില്‍ പോളണ്ട് അതിര്‍ത്തിക്കടുത്തും ഏറെ പണം ചെലവിട്ടാണ് എത്തിയത്. കൊടും തണുപ്പ് സഹിച്ച് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുന്‍ ബാച്ചുകളില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞ് തങ്ങളെ തടഞ്ഞു. അതിര്‍ത്തിയിലെ 12 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനിടയില്‍ ചിലര്‍ കുഴഞ്ഞു വീണു.
തങ്ങളുടെ അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടായ ഇടപെടലുകള്‍ക്കു ശേഷം മാര്‍ച്ച് മൂന്നിന് രാത്രിയാണ് അതിര്‍ത്തി കടന്നത്. തുടര്‍ന്നുള്ള യാത്രയില്‍ കേന്ദ്ര, സംസ്ഥാന എംബസികളുടെ സഹായമുണ്ടായി. 150 കിലോമീറ്റര്‍ അകലെയുള്ള പോളണ്ടിലെ ആശ്രമത്തില്‍ എത്തിച്ചു. ഒരു ദിവസത്തിനു ശേഷം പോളണ്ടിലെ ഉക്‌സാന്‍ എയര്‍പോര്‍ട്ടിന് അടുത്തുള്ള ഹോട്ടലില്‍ എത്തിച്ചു. അഞ്ചിന് രാത്രിയാണ് പുറപ്പെടാനായതെന്നും രേഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.