വെള്ളിലാംകുന്നിലെ സൗഭാഗ്യ നെയ്ത്തു കേന്ദ്രത്തിന് താഴുവീണിട്ട് നാലുമാസം
text_fieldsഇരിങ്ങാലക്കുട: മുരിയാട് വെള്ളിലംകുന്നിലെ സൗഭാഗ്യ നെയ്ത്തുകേന്ദ്രത്തിനു താഴുവീണിട്ട് നാലുമാസം. ഇരിങ്ങാലക്കുട മണ്ഡലത്തിലെ സര്‍ക്കാറിന്റെ ഖാദി ബോര്‍ഡിനു കീഴിലുള്ള ഏക നെയ്ത്തു കേന്ദ്രമാണിത്. 1988ല്‍ ആരംഭിച്ച ഈ നെയ്ത്തുകേന്ദ്രം ഇടക്കാലത്ത് വര്‍ഷങ്ങളോളം പൂട്ടികിടന്നിരുന്നു. ഇതിനിടയില്‍ തുറന്നെങ്കിലും കൂലിത്തര്‍ക്കത്തെ തുടര്‍ന്നു വീണ്ടും പൂട്ടി. പിന്നീട് 2017ല്‍ 28 തൊഴിലാളികളുമായി പുനരാരംഭിച്ച സ്ഥാപനം 2019ല്‍ 28 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു.
തുണികള്‍ നെയ്യാന്‍ ഉണ്ടായിരുന്ന 28 തൊഴിലാളികളില്‍ അവശേഷിച്ച ഒരു തൊഴിലാളിയും ജോലി അവസാനിപ്പിച്ചു. 2019ല്‍ 28 ലക്ഷം അടങ്കല്‍തുകയില്‍ പുനരുദ്ധാരണം ചെയ്ത ഖാദി നെയ്ത്തുകേന്ദ്രം 2020 ആഗസ്റ്റ് മൂന്നിനാണ് വീണ്ടും ഉദ്ഘാടനം ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസായിരുന്നു ഉദ്ഘാടക. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെന്നി ജോസഫാണ് അധ്യക്ഷത വഹിച്ചത്.
മിനിമം വേതനംപോലും കിട്ടാതായതോടെ ഒരാളൊഴികെ 27 പേര് മറ്റു തൊഴിലുകള്‍ തേടിപ്പോയി. വേതനക്കുറവാണ് തൊഴിലാളികള്‍ ഈ രംഗത്തുവരാന്‍ മടിക്കുന്നതിന്റെ കാരണം. ഇതോടെ ഗാന്ധി ഗ്രാമവ്യവസായ ബോര്‍ഡിനു കീഴിലുള്ള ഗാന്ധിഗ്രാമ സൗഭാഗ്യ നെയ്ത്തുകേന്ദ്രം പൂട്ടുവീണ അവസ്ഥയിലാണ്. 2017ല്‍ 40 തൊഴിലാളികള്‍ ഇന്റര്‍വ്യൂവിന് എത്തിയെങ്കിലും 15 പേര് ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിക്കുകയറി. ഒരുമാസം 1000 രൂപ സ്റ്റൈപന്റോടുകൂടിയാണ് ആറുമാസം ട്രെയിനിങ് പൂര്‍ത്തിയാക്കിയത്. ഒരുവര്‍ഷമായി മിനിമം വേജസ് പോലുമില്ലാത്ത അവസ്ഥയിലായിരുന്നു. തൊഴിലാളികള്‍ പോയതോടെ യന്ത്രങ്ങള്‍ പലതും ജില്ല പഞ്ചായത്തിനു കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി. കെട്ടിടം തകരാനും യന്ത്രങ്ങള്‍ തുരുമ്പെടുക്കാനും തുടങ്ങി. പത്തുമാസം സൗജന്യ സേവനം തുടര്‍ന്ന ഇരിങ്ങാലപ്പിള്ളി സ്വദേശിനി തുഷാര (36) കഴിഞ്ഞദിവസം തൊഴില്‍ അവസാനിപ്പിച്ചു. ഓണത്തിനു രണ്ടുദിവസംമുമ്പ് നല്‍കാനുള്ള ശമ്പള കുടിശ്ശികയും ഈ തൊഴിലാളിക്ക് നല്കി. സ്ഥാപനം നിലനിര്‍ത്താന്‍ തൊഴിലാളികള്‍ക്ക് ആഗ്രഹം ഉണ്ടെങ്കിലും അധികൃതര്‍ വേണ്ടത്ര രീതിയില്‍ ശ്രമിക്കാത്തതിലുള്ള അനാസ്ഥയാണ് ഈ സ്ഥാപനം നശിക്കുന്നതിനു പിന്നിലെന്നു തൊഴിലാളികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.