അമ്മ പകുത്തുനൽകിയ ജീവനുമായി ഡോക്ടറുടെ കൈപിടിച്ച് ഷാരോണിന്‍റെ സ്കൂൾ പ്രവേശനം
text_fieldsഇരിങ്ങാലക്കുട: മൂന്നു വർഷം മുമ്പ് അമ്മ പകുത്തു നൽകിയ വൃക്കയുമായി ഒമ്പതു വയസ്സുകാരൻ ഷാരോൺ സ്കൂളിലെത്തി. പരിചരിച്ച ഡോക്ടറുടെയും അനുജത്തി സനയുടെയും കൈപിടിച്ചായിരുന്നു ഷാരോണിന്‍റെ സ്കൂൾ പ്രവേശനം. ഷാരോണിന്‍റെ മുഖത്ത് പുഞ്ചിരിയും പ്രതീക്ഷയും വിടർന്നപ്പോൾ മനസ്സ് നിറഞ്ഞത് സ്കൂളിൽ കൂടിയവർക്കും പരിചരിച്ച ഡോക്ടർമാർക്കും. ഷാരോണിനുള്ള ബാഗും കുടയും പഠനോപകരണങ്ങളുമായി കൊച്ചി ആസ്റ്റർ മെഡി സിറ്റിയിലെ വൃക്കരോഗ വിദഗ്ധൻ ഡോ. അജയ് ജോർജ് കുര്യന്‍റെ നേതൃത്വത്തിലുള്ള സംഘം രാവിലെത്തന്നെ വീട്ടിലെത്തി. സമയമായപ്പോൾ ഡോക്ടറുടെയും അനുജത്തിയുടെയും കൈപിടിച്ച് സ്കൂളിലേക്ക് ഇറങ്ങി.
കൊറ്റനെല്ലൂർ കുതിരത്തടം കൂവയിൽ വീട്ടിൽ ഷാന്‍റോ -റിനു ദമ്പതികളുടെ മകനാണ് ഷാരോൺ. ഒന്നര വയസ്സിലാണ് വൃക്ക രോഗം പിടിപെട്ടത്. ഇരു വൃക്കകളും പ്രവർത്തനരഹിതമായതോടെ ഡയാലിസിസ് ആരംഭിച്ചു. മൂന്ന് വർഷം മുമ്പ് വെളയനാട് സെന്‍റ് മേരീസ് സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തെങ്കിലും കോവിഡ് മൂലം അധികനാൾ പോകാനായില്ല. ഇതിനിടെ രോഗം ഗുരുതരമായി. തുടർന്ന്. 2019ൽ കൊച്ചി ആസ്റ്റർ മെഡി സിറ്റിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. അമ്മ റിനുവാണ് വൃക്ക നൽകിയത്. കഴിഞ്ഞ രണ്ടു വർഷവും വീട്ടിലിരുന്നായിരുന്നു പഠനം. ആരോഗ്യവാനായി സ്കൂളിൽ തിരിച്ചെത്തിയ ഷാരോണിനെ സ്വീകരിക്കാൻ നാടൊരുമിച്ചത് നന്മയുടെ നേർസാക്ഷ്യമായി. ഈ വര്‍ഷം ഷാരോണ്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.