സി.പി.എമ്മുമായി ഭിന്നത: കൂടൽമാണിക്യം ദേവസ്വം ചെയർമാൻ രാജിവെച്ചു
text_fieldsഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ സ്ഥാനം രാജിവെച്ചു. പ്രവാസി ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി സി.ഇ.ഒ, ആർദ്രം കോ ഓഡിനേറ്റർ, കല്ലംകുന്ന് ബാങ്ക് ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങളും രാജിവെക്കുന്നതായി മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ അറിയിച്ചു.
സി.പി.എമ്മുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നും കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ലംകുന്ന് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന.
ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചെങ്കിലും പ്രസിഡൻറ് സ്ഥാനം പ്രതീക്ഷിച്ചിരുന്ന പ്രദീപ് മേനോനെ സി.പി.എം പരിഗണിച്ചില്ല. പകരം പി.എന്. ലക്ഷ്മണനെ പ്രസിഡൻറാക്കി. ഇതിൽ പ്രകോപിതനായാണ് രാജിയെന്നറിയുന്നു. എന്നാൽ, ഒന്നിലധികം സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന പാർട്ടി നയമനുസരിച്ചാണ് ബാങ്ക് നേതൃത്വത്തിൽ മാറ്റം വരുത്തിയതെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു.
മികച്ച പ്രവർത്തനങ്ങളിലൂടെ ജനകീയനായ പ്രദീപ് മേനോെൻറ രാജി കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ പ്രതിരോധത്തിലായ പാർട്ടിയെ പ്രാദേശികമായി കൂടുതൽ സമ്മർദത്തിലാക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.