കണ്ണീരണിഞ്ഞ പ്രതിഷേധം; സഹപാഠിയുടെ അപകടമരണത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ബസ് സ്റ്റാൻഡ് ഉപരോധിച്ചു
text_fieldsഇരിങ്ങാലക്കുട: സെന്‍റ് ജോസഫ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി ലയ ബസിടിച്ച് മരിച്ചതിനെ തുടർന്ന് മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം.
കോളജിലെ ആയിരത്തോളം വിദ്യാർഥികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ അധ്യാപകർക്കൊപ്പം കോളജിൽനിന്ന് ഇരിങ്ങാലക്കുട നഗരത്തിലേക്ക് വിദ്യാർഥികൾ ഇറങ്ങിയതോടെ കണ്ണീരണിഞ്ഞ പ്രതിഷേധത്തിന് നഗരം സാക്ഷിയായി.
ഠാണ വഴി ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ സ്റ്റാൻഡിന്‍റെ മുൻവശത്തെ ഗേറ്റ് ഉപരോധിച്ച് കുത്തിയിരുന്നു. കറുത്ത ബാഡ്ജും ലയയുടെ ചിത്രം പതിച്ച ബാഡ്ജും ധരിച്ചായിരുന്നു പ്രതിഷേധം. ലയയുടെ ക്ലാസിലെ കുട്ടികളാണ് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓർമകൾ ഹൃദയത്തിൽ പേറി പ്രതിഷേധനിരയുടെ മുൻനിരയിൽ ഉണ്ടായിരുന്നത്. വിദ്യാർഥികൾ ബസുകളിൽ കയറി യാത്രക്കാരെയും ജീവനക്കാരെയും ബോധവത്കരിച്ചു. ഒരു മണിക്കൂറിലേറെ സ്റ്റാൻഡ് ഉപരോധിച്ച ശേഷം മൗനജാഥയായി കോളജിലേക്ക് മടങ്ങി. സി.ഐയുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ പിതാവ് ഡേവിസിനൊപ്പം സ്കൂട്ടറിൽ കോളജിലേക്കുള്ള യാത്രമധ്യേയാണ് വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ലയ (22) ബസിടിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.