കൂത്തുമാക്കൽ ഷട്ടറുകൾ അടച്ചു; ഇരുപതോളം വീടുകൾ വെള്ളക്കെട്ടിൽ
text_fieldsഇരിങ്ങാലക്കുട: കെ.എൽ.ഡി.സി കനാലിലെ കൂത്തുമാക്കൽ ഷട്ടറുകൾ പൂർണമായും അടച്ചതോടെ പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തി, കൂത്തുമാക്കൽ, മേനാലി പ്രദേശങ്ങളിൽ വെള്ളം കയറുന്ന വിഷയം വീണ്ടും. ഇരുപതോളം വീടുകളും കൂത്തുമാക്കൽ മുതൽ കോതറ വരെയുള്ള തെങ്ങിൻ പറമ്പുകളുമാണ് വെള്ളത്തിലായിരിക്കുന്നത്.
പ്രളയത്തിൽ ഏറ്റവും കൂടുതൽ വെള്ളം കയറിയ പ്രദേശങ്ങൾ കൂടിയാണിത്. വേനൽക്കാലത്ത് പോലും വീടുകൾ മാറേണ്ട അവസ്ഥയാണെന്നും വെള്ളം കയറിയതുമൂലം ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഷട്ടറുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും വാർഡ് അംഗം പ്രേമവത്സൻ പറഞ്ഞു.
എന്നാൽ, ഷട്ടറുകൾ തുറന്നാൽ ഉപ്പുവെള്ളം കയറുമെന്നും ചിമ്മിനി ഡാമിൽനിന്ന് എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കിക്കളഞ്ഞ് പാഴാക്കാൻ കഴിയില്ലെന്നും കനാലിൽ നിന്നുള്ള ഉപ തോടുകൾ അടക്കുന്നതിൽ പഞ്ചായത്ത് വരുത്തുന്ന വീഴ്ചയാണ് വെള്ളം കയറാൻ കാരണമാകുന്നതെന്നും ഇറിഗേഷൻ ഉദ്യോഗസ്ഥർ പറയുന്നു.
ഉപ തോടുകൾ നേരത്തേതന്നെ കെട്ടിയിട്ടുണ്ട്. പലകകൾ ചിലർ മാറ്റുന്നതാണ് പ്രശ്നം. തോടുകൾ കെട്ടാനുള്ള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും രണ്ട് ഷട്ടറുകളെങ്കിലും തുറന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.