ഗവേഷണങ്ങൾ വിലയിരുത്തി യു.ജി.സി ചെയർമാൻ; ഇരിങ്ങാടപ്പിള്ളി മന സന്ദർശിച്ചു
text_fieldsഇരിങ്ങാലക്കുട: പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിതജ്ഞനായ സംഗമഗ്രാമ മാധവനെ കുറിച്ച് സെന്റ് ജോസഫ്സ് കോളജിലെ പുരാരേഖ ഗവേഷണകേന്ദ്രം നടത്തുന്ന പഠനം വിലയിരുത്തുന്നതിന്റെ ഭാഗമായി യു.ജി.സി ചെയർമാൻ പ്രഫ. എം. ജഗദേഷ് കുമാർ കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി മന സന്ദർശിച്ചു.
ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന അധ്യാപിക ലിറ്റി ചാക്കോയോടൊപ്പമാണ് അദ്ദേഹം എത്തിയത്.
മനയിലെ താമസക്കാരായ രാജ്കുമാർ, നാരായണൻ എന്നിവരോട് സംസാരിച്ചു. സെന്റ് ജോസഫ്സിൽ ഒരുക്കിയ സ്ക്രിപ്റ്റ് ഗാർഡനിൽ യു.ജി.സി ചെയർമാൻ വൃക്ഷത്തൈ നട്ടു. മാനുസ്ക്രിപ്റ്റ് റിസർച് സെന്റർ സന്ദർശിച്ച അദ്ദേഹത്തിനു മുന്നിൽ താളിയോല പരിപാലനം, പുരാരേഖാ സംരക്ഷണം, പുരാലിപി സംരക്ഷണം, ബ്രിട്ടീഷ് ലൈബ്രറി സ്റ്റാൻഡേർഡ് കാറ്റലോഗിങ് തുടങ്ങിയവ വിദ്യാർഥികൾ അവതരിപ്പിച്ചു. ഗവേഷണത്തിൽ യു.ജി.സി നടത്തുന്ന ഇടപെടലുകൾ ക്രിയാത്മകവും കൃത്യതയാർന്നതുമാണെന്ന് ഗവേഷകയും അധ്യാപികയുമായ ലിറ്റി ചാക്കോ പറഞ്ഞു.
യു.ജി.സി ചെയർമാൻ തന്നെ ഈ വിഷയത്തിൽ നേരിട്ടെത്തിയതിൽ ചാരിതാർഥ്യമുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി പറഞ്ഞു.
ദേശീയവിദ്യാഭ്യാസനയ വാർഷികാഘോഷ ഭാഗമായി ജൂലൈ മാസത്തിൽ ഡൽഹിയിൽ നടന്ന പ്രദർശനത്തിൽ യു.ജി.സിയുടെ ക്ഷണം ലഭിച്ച കേരളത്തിൽനിന്നുള്ള ഒരേയൊരു കലാലയം സെന്റ് ജോസഫ്സ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.