അപ്രതീക്ഷിത മഴ; പുഞ്ചകൃഷി കര്‍ഷകര്‍ ദുരിതത്തില്‍
text_fieldsഇരിങ്ങാലക്കുട: രണ്ടുദിവസം നീണ്ടുനിന്ന അപ്രതീക്ഷിത മഴയില്‍ ഇരിങ്ങാലക്കുട മേഖലയിലെ പുഞ്ചകൃഷി കര്‍ഷകര്‍ ദുരിതത്തിൽ. മുരിയാട്, കോന്തിപുലം, കരുവന്നൂര്‍, മൂര്‍ക്കനാട് പ്രദേശത്തെ കര്‍ഷകരുടെ പുഞ്ചകൃഷിയാണ് വെള്ളത്തിലായത്. ഞാറുനട്ട് ഒന്നാംവളവും ചെയ്ത നെല്‍ചെടികളാണ് വെള്ളത്തില്‍ മുങ്ങിയത്. മോട്ടോര്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിട്ടും വെള്ളം കുറയുന്നില്ലെന്നാണ് കോന്തിപുലത്തെ കര്ഷകന് സുഗതന് പറയുന്നത്. ഇതേകാര്യം തന്നെയാണ് മുരിയാട് കോള്‍മേഖലയിലെ യൂനിയന്‍ കോള്‍പടവിലെ കമ്മിറ്റികാരും പറയുന്നത്. മഴ രണ്ടുദിവസം കൂടി നീണ്ടുനില്‍ക്കുകയാണെങ്കില്‍ നട്ടിട്ടുള്ള മുഴുവന്‍ ഞാറും നശിക്കുമെന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്. പെറുത്തിശ്ശേരി കൃഷിഭവന് കീഴില്‍ വരുന്ന മൂര്‍ക്കനാട് പൈങ്കിളി പാടത്തെ കര്‍ഷകരുടെ 85 ഏക്കര്‍ കൃഷിയും സമീപത്തെ മറ്റ് കോള്‍പാടങ്ങളിലെ നൂറുകണക്കിന് ഏക്കര്‍ കൃഷിയുമാണ് അപ്രതീക്ഷിത മഴയില്‍ വെള്ളത്തിലായത്.
കരുവന്നൂര്‍ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതും കൃഷി നശിക്കാന്‍ ഇടയാക്കി. പാടത്തുനിന്ന് പുഴയിലേക്ക് വെള്ളം അടിച്ച് കളയാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ റെഗുലേറ്റര്‍ ഷട്ടറുകള്‍ സമയബന്ധിതമായി തുറക്കാത്തത് പുഴയില്‍ വലിയ തോതില്‍ വെള്ളം ഉയരാന്‍ കാരണമായി.
കാലപ്പഴക്കം മൂലം ദ്രവിച്ച ഷട്ടറുകള്‍ക്ക് മുകളിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥയാണ് നിലവില്‍ ഇല്ലിക്കല്‍ റെഗുലേറ്ററിലുള്ളത്. മുരിയാട് കായല്‍ പ്രദേശത്തെ ആയിരകണക്കിന് ഏക്കര്‍ കൃഷിയും ഇതുമൂലം വെള്ളം കയറിയ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.