വിജയൻ വധം: ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷ അഞ്ചിന്
text_fieldsഇരിങ്ങാലക്കുട: കനാൽ ബേസ് മോന്തചാലിൽ വിജയനെ കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ല സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ജൂലൈ അഞ്ചിന് വിധിക്കും. ഒന്ന് മുതൽ അഞ്ച് വരെ പ്രതികളായ കിഴുത്താനി ഐനിയിൽ വീട്ടിൽ രജു എന്ന രഞ്ജിത്ത് (32), നെല്ലായി പന്തല്ലൂർ ആലപ്പാട്ട് മാടാനി വീട്ടിൽ ജിജോ ജോർജ് (30), കാറളം പുല്ലത്തറ പെരിങ്ങാട്ടിൽ വീട്ടിൽ പക്രു എന്ന നിധീഷ് (30), മൂർക്കനാട് കറപ്പ് പറമ്പിൽ വീട്ടിൽ അഭിനന്ദ് (22), വേളൂക്കര കോമ്പാറ കുന്നത്താൻ വീട്ടിൽ മെജോ ജോസഫ് (28), എട്ടാം പ്രതി പുല്ലൂർ ഗാന്ധിഗ്രാം വേലത്തിക്കുളം തൈവളപ്പിൽ ടുട്ടു എന്ന അഭിഷേക് എന്നിവരെയാണ് സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇരിങ്ങാലക്കുട ജോളി ബാറിനു സമീപമുള്ള മുറുക്കാൻ കടയിൽ രഞ്ജിത്ത് മുറുക്കുന്നതിനിടയിൽ വിജയെൻറ മകൻ വിനീത്, സുഹൃത്ത് ഷരീഫ് എന്നിവരുടെ ദേഹത്ത് ചുണ്ണാമ്പ് വീണത് ചോദിച്ചതിലുള്ള വിരോധത്തിൽ വിനീതിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും 2018 മേയ് 27ന് രാത്രി 11.15ന് വീട്ടിൽ പ്രതികൾ അതിക്രമിച്ച് കയറി വിജയനെയും ഭാര്യ അംബികയെയും അമ്മ കൗസല്യയെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഗുരുതരമായി പരിക്കേറ്റ മൂവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിജയൻ പിന്നീട് മരിച്ചു. കേസിൽ ആറ്, ഏഴ്, ഒമ്പത്, 10, 11, 12, 13 പ്രതികളായി ചേർത്തവരെ കോടതി വിട്ടയച്ചു. ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാറിെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, വി.എസ്. ദിനൽ, കെ.ആർ. അർജുൻ, അൽജോ പി. ആൻറണി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.