കണ്ണീർപ്പെയ്ത്ത്: മഴയിൽ ഇരിങ്ങാലക്കുടയിൽ വ്യാപക നാശം
text_fieldsഇരിങ്ങാലക്കുട: തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ വ്യാപക നാശം. പടിയൂർ പഞ്ചായത്തിൽ ഓടിട്ട വീട് പൂർണമായും തകർന്നു.
പടിയൂർ വളവനങ്ങാടി തവളക്കുളത്തിന് അടുത്ത് പരേതനായ വാക്കാട്ട് ശിവരാമന്റെ ഭാര്യ ശാരദയുടെ വീടാണ് തകർന്ന് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വീട് അപകടാവസ്ഥയിലാണെന്ന ആശങ്കയെ തുടർന്ന് ശാരദയെ ഇളയ മകളുടെ നേതൃത്വത്തിൽ മൂത്ത മകളുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.
പടിയൂരിൽ തന്നെ വട്ടപ്പറമ്പിൽ ഷെബീറിന്റെ വീടിന് മുകളിൽ തെങ്ങ് വീണു. മുരിയാട് വില്ലേജിൽ കുന്നത്ത്പറമ്പിൽ എബ്രഹാം, കറുപ്പശ്ശേരി തോമസ്, മംഗലത്ത് പീറ്റർ, ആലപ്പാട്ട് വർഗീസ്, അരിയാടൻ ജിനി, കല്ലേരി ജോയി എന്നിവരുടെ കൂട്ടായ പേരിലുള്ള വസ്തുവിൽ സ്ഥിതി ചെയ്യുന്ന കിണറിന്റെ ഭാഗം ഇടിഞ്ഞിട്ടുണ്ട്.
പറയൻതോട്ടിലെ തടയണയുടെ ഷട്ടർ ഉയർത്തി; യന്ത്രസഹായത്തോടെയാണ് ഷട്ടറുകൾ മാറ്റിയത്
ചാലക്കുടി: മഴ ശക്തമായതോടെ വെള്ളം ഉയർന്നതിനെ തുടർന്ന് പറയൻതോട്ടിൽ തച്ചുടപറമ്പ് പുഞ്ചപാടത്തെ തടയണയിൽ സ്ഥാപിച്ചിരുന്ന ഷട്ടറുകൾ ഉയർത്തി.
വേനൽകാലത്ത് സമീപ പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് നഗരസഭ സ്ഥാപിച്ചിരുന്ന തടയണയിൽ രണ്ട് ഇരുമ്പ് ഷട്ടറുകളാണ് ഉണ്ടായിരുന്നത്.
പറയൻതോട്ടിൽ പെട്ടെന്ന് വെള്ളം ഉയർന്നതിനാൽ യന്ത്രസഹായത്തോടെയാണ് ഷട്ടറുകൾ മാറ്റിയത്.
കപ്പത്തോട് കരകവിഞ്ഞു; പച്ചക്കറി കൃഷിയിടങ്ങളിൽ വെള്ളം കയറി
ചാലക്കുടി: പരിയാരം കപ്പത്തോട് കരകവിഞ്ഞതോടെ ഇരുവശത്തെയും കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി വൻ കൃഷി നാശം. പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലെ 70 ഏക്കറുകളോളം കൃഷിയിടങ്ങളിലെ വാഴ, കപ്പ, പയർ, പാവൽ, വെണ്ട തുടങ്ങിയ വിളകൾക്കാണ് വെള്ളം കയറിയതിനാൽ നാശം ഉണ്ടായത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് വന്നിട്ടുള്ളത്. ഇതോടെ ഇവിടെ കൃഷി ചെയ്തിരുന്ന 60 ഓളം കർഷകർ ദുരിതത്തിലായി.
കപ്പത്തോട്, ഉപതോടുകൾ എന്നിവയിൽ വെള്ളം കരകവിഞ്ഞ് സമീപത്തെ കൃഷിയിടങ്ങളിലേക്ക് കടക്കുകയായിരുന്നു. ചാലക്കുടിപ്പുഴയിൽ കൊമ്പൻപാറ തടയണയിലെ ഷട്ടറുകൾ തുറക്കാത്തതാണ് സമീപത്തുള്ള കപ്പത്തോട്ടിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ കാരണം.
ചാലക്കുടിപ്പുഴയിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ലെങ്കിലും തടയണയിലെ ഷട്ടർ ഉയർത്താത്തത് വിനയാവുകയായിരുന്നു. ഇതോടെ കൊമ്പൻപാറ തടയണയുടെ മുകൾഭാഗത്ത് കുറച്ച് ദൂരം വെള്ളം ഉയർന്ന് കപ്പത്തോട്ടിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുകയായിരുന്നു. ഇതോടെ ഒന്നര അടിയോളം വെള്ളം കപ്പത്തോട്ടിൽ ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം സാവധാനം ഉയരാൻ തുടങ്ങിയിരുന്നു. ശനിയാഴ്ച ഇത് അനിയന്ത്രിതമാകുകയായിരുന്നു. വർഷക്കാലമായാൽ കൊമ്പൻപാറ തടയണയുടെ ഷട്ടർ ഇറിഗേഷൻ വിഭാഗമാണ് മാറ്റേണ്ടത്. മഴ ശക്തി പ്രാപിക്കുന്നതറിഞ്ഞതോടെ കർഷകർ ഷട്ടർ മാറ്റാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. തടയണയിലൂടെ കരകവിഞ്ഞ് ശക്തമായി വെള്ളം ഒഴുകുന്നതിനാൽ ഇനി ഷട്ടറുകൾ മാറ്റുക സാഹസികമാണ്. വെള്ളം കുറഞ്ഞാലേ എന്തെങ്കിലും ചെയ്യാനാവൂ.
കുറ്റിക്കാട്, പൂവത്തിങ്കൽ ഭാഗത്തെ കപ്പത്തോടിന് സമീപത്തെ കൃഷിയിടങ്ങളിലാണ് കൂടുതൽ നാശം. കുറ്റിക്കാട് ജി.എൽ. പോളിയുടെ 1000 വാഴകൾ വെള്ളത്തിലായി. എൻ.കെ. നാരായണന്റെ രണ്ട് ഏക്കർ കപ്പയിലും 400 വാഴകൾ കൃഷി ചെയ്ത തോട്ടത്തിലും വെള്ളം കയറി.
ജിന്റോയുടെ ഒരു ഏക്കർ പാവൽ കൃഷി പൂർണമായും നശിച്ചു. കപ്പത്തോടിന്റെ ഉപതോടായ പോത്തോടിതോടിന് സമീപത്തെ കൃഷിയിടങ്ങളായ കമ്പോട്ടിപ്പാടം, ചേരിപ്പാടം മുതലായ ഭാഗങ്ങളിൽ വെള്ളം കയറി കിടക്കുകയാണ്. ഈ ഭാഗത്ത് ഉദനിപ്പറമ്പൻ ദേവസിയുടെ ഏക്കറുകളോളം കപ്പയും വാഴയും നശിച്ചു. കിഴക്കേടത്ത് ഷീബ പ്രസന്നന്റെ രണ്ട് ഏക്കർ കപ്പയും 500 വാഴകളും നശിച്ചു.
കോടശേരി, പരിയാരം പഞ്ചായത്തുകളിലായി ഏക്കറുകളോളം വിശാലമായ കപ്പത്തോട് പാടശേഖരത്തിൽ കർഷകർ കാലങ്ങളായി കപ്പയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്തുവരുന്നുണ്ട്. അതിവൃഷ്ടിയുണ്ടെങ്കിൽ ജൂൺ, ജൂലൈ മാസത്തോടെ ഇവിടത്തെ കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് രൂപം കൊള്ളാറുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് 2018, 19 വർഷങ്ങളിലും വൻ കൃഷി നാശം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.