ശത്രുദോഷം മാറ്റാൻ മന്ത്രവാദം; ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫിയെ (51) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽനിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.
രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാൾ പിന്നീട് ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കുഴിച്ചിടും. പിന്നീട് ഇയാൾ തന്നെ കണ്ടെത്തും. ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. പ്രത്യേക പ്രാർഥനകൾ വേണമെന്നു പറഞ്ഞ് ബൈബിൾ വചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് രംഗങ്ങൾ ഒരുക്കുന്നത്.
പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകൾ പുറത്തെടുത്തു. എന്നാൽ ഇവർ പോയശേഷം ഇവിടത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ റാഫിയുടെ സഹായി പോക്കറ്റിൽനിന്ന് ഏലസുകൾ കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്തായി.
പരാതി വന്നതോടെ കേസെടുത്ത പൊലീസ് വ്യാജ സിദ്ധനെ തന്ത്രത്തിൽ പൊക്കി. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി.
പല സ്ഥലങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി കെ.ജി. സുരേഷ് പറഞ്ഞു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ സി.എം. ക്ലീറ്റസ്, സുധാകരൻ, സീനിയർ സി.പി.ഒമാരായ എൻ.എൽ. ജെബിൻ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സോണി സേവ്യർ, സൈബർ സെൽ സി.പി.ഒ സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.