ആശങ്കയായി ഡെങ്കിപ്പനി
text_fieldsഇരിങ്ങാലക്കുട: നഗരഹൃദയത്തിൽ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കിപ്പനി കേസുകൾ. ബസ് സ്റ്റാൻഡ് പരിസരത്തെ എക്സൈസ് ഓഫിസ്, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഇരുപതോളം പേർക്കാണ് ഡെങ്കി ബാധിച്ചത്. ഫോഗിങ് ഉൾപ്പെടെ ശുചീകരണ പ്രവൃത്തികളിലൂടെ കൂടുതൽ കേസുകൾ ഒഴിവാക്കിയതായും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ നഗരസഭ അധികൃതർ വിശദീകരിച്ചു. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും കാനകളുടെ ശുചീകരണം പൂർത്തിയായതായും തോടുകൾ വൃത്തിയാക്കുന്നതിന് തുടക്കം കുറിച്ചതായും അറിയിച്ചു. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വർധിക്കുന്ന സാഹചര്യത്തിൽ പരിസരം വൃത്തിയാക്കി സൂക്ഷിക്കാനും കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ജാഗ്രത പാലിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ ആവശ്യപ്പെട്ടു.
2023-‘24 വർഷത്തിൽ പകർച്ചവ്യാധികളെ തുടർന്നുള്ള മരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും രണ്ട് മലേറിയ കേസുകളാണ് ഉണ്ടായതെന്നും എക്സൈസ് ഓഫിസ്, അടുത്തുള്ള ട്രെയിനിങ് സെന്റർ എന്നിവിടങ്ങൾ കാടുപിടിച്ച് കിടക്കുന്ന സാഹചര്യവും വെള്ളക്കെട്ടും ഉണ്ടെന്ന് ബോധ്യമായതായും ജീവനക്കാർക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്തമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് വിശദീകരിച്ചു.
നഗരസഭ പരിധിയിലെ വലിയ തോടുകൾ വൃത്തിയാക്കാൻ 17 ലക്ഷം രൂപയുടെ ടെൻഡർ നടപടി ആയിട്ടുണ്ടെന്ന് നഗരസഭ എൻജിനീയർ സന്തോഷ് കുമാർ അറിയിച്ചു. സ്കൂളുകളിൽ പാചകതൊഴിലാളികൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കണമെന്നും മാലിന്യ സംസ്കരണ സംവിധാനങ്ങൾ വേണമെന്നും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ.ജി. അനിൽ ആവശ്യപ്പെട്ടു. 25, 26 തീയതികളിൽ സ്ഥാപനങ്ങളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, ജയ്സൻ പാറേക്കാടൻ, എ.ഇ.ഒ എം.സി. നിഷ എന്നിവരും റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, ഫയർ, പി.ഡബ്ല്യൂ.ഡി വകുപ്പ് മേധാവികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.