ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഒരു കോടി രൂപ തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsഅബ്ദുൽ ഹക്കീം
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ 1.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുൽ ഹക്കീമിനെയാണ് (36) ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പണം നഷ്ടപ്പെട്ട ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന് ട്രേഡിങ്ങിനെക്കുറിച്ച് ഗൂഗ്ളില്‍ സെര്‍ച്ച് ചെയ്തിരുന്നു.
അന്വേഷണത്തിൽ ഉയര്‍ന്ന ലാഭവിഹിതം തരുന്ന പരസ്യവും അതിന്റെ ലിങ്കും കണ്ട് അതില്‍ ക്ലിക്ക് ചെയ്തു. ഇതോടെ ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമായി. ഇതുവഴി സ്റ്റോക് ട്രേഡിങ്ങില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. തുടര്‍ന്ന് ഒന്നരമാസംകൊണ്ട് കല്ലേറ്റുംകര സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പല തവണകളായി 1,06,75,000 രൂപ ഇന്‍വെസ്റ്റ്മെന്റ് ചെയ്യിപ്പിച്ചു. ഈ പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാൻ ശ്രമിച്ചപ്പോള്‍ സർവിസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതും ഇരിങ്ങാലക്കുട സൈബര്‍ പൊലീസിൽ പരാതി നൽകിയതും.
സാമ്പത്തിക തട്ടിപ്പിനു പിന്നിൽ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഐ.ടി മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെ വന്‍ തുക ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം നൽകി കംബോഡിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെത്തിച്ച് നിര്‍ബന്ധിച്ചും പീഡിപ്പിച്ചും ഓൺലൈൻ ട്രേഡിങ് നടത്തിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ട്.
ട്രേഡിങ്ങിലൂടെ വന്‍തുക ലാഭം ലഭിക്കുമെന്ന് പരസ്യം നല്കി ആകര്‍ഷിക്കലാണ് ആദ്യ നടപടി. തുടർന്ന് വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമുകളില്‍ ട്രേഡിങ് ചെയ്യിപ്പിച്ച് വന്‍തുക കമീഷനായി ലഭിച്ചതായി ഇരകളെ വിശ്വസിപ്പിക്കും. ട്രേഡിങ് നടത്തുന്നവരില്‍നിന്ന് ഉയര്‍ന്ന തുകകള്‍ കൈപ്പറ്റുന്ന ഇവർ ലാഭവിഹിതമോ മുടക്കിയ തുകയോ തിരിച്ചുനല്‍കാതെ തട്ടിപ്പ് നടത്തുന്നതാണ് രീതി.
തട്ടിപ്പ് നടത്തുന്നവര്‍ കേസില്‍ ഉള്‍പ്പെടാതിരിക്കാനായി ബാങ്കില്‍നിന്ന് പണം നേരിട്ട് പിന്‍വലിക്കാതെ നിര്‍ധനരായ ആളുകളെ കണ്ടെത്തി ചികിത്സാസഹായം എന്ന പേരിൽ തുക നൽകും. പിന്നീട് ഇവർക്ക് ചെറിയ തുക കമീഷനായി നൽകി പണം തട്ടിപ്പുകാർ തന്നെ ബാങ്ക് വഴി പിൻവലിപ്പിക്കും.
റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശാനുസരണം ഡി.സി.ആര്.ബി ഡിവൈ.എസ്.പി സുരേഷ്, സൈബര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഒ. വര്‍ഗീസ് അലക്സാണ്ടര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സൂരജ്, ബെന്നി, എ.എസ്.ഐ ബിജു, എസ്.സി.പി.ഒമാരായ അനൂപ്, അജിത്ത്, സി.പി.ഒമാരായ അനീഷ്, സച്ചിന്, ശ്രീനാഥ്, സുധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.