വാട്ടര്‍ അതോറിറ്റിയുടെ ‘ചതിക്കുഴി’യിൽ വീണ യുവാവ്
text_fieldsഇരിങ്ങാലക്കുട: ക്രൈസ്റ്റ് ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റി റോഡില്‍ കുഴിച്ച കുഴിയില്‍ വീണ യുവാവ് കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ക്രൈസ്റ്റ് ജങ്ഷന് സമീപം കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ ഏതാനും ദിവസംമുമ്പ് റോഡ് വെട്ടിപ്പൊളിച്ചിരുന്നു. പൈപ്പുകള്‍ സ്ഥാപിച്ചതിനുശേഷം റോഡ് പൂര്‍വ സ്ഥിതിയിലാക്കാതെ കരിങ്കൽ പൊടിയാണ് ഈ കുഴികളില്‍ കരാറുകാരന് നിറച്ചിരുന്നത്. മഴ പെയ്തതോടെ ഇത് റോഡിനെ കൂടുതല്‍ വഴുക്കലുള്ളതാക്കി മാറ്റി. ഇതേ തുടര്‍ന്ന് അപകടങ്ങള്‍ തുടർക്കഥയാവുകയായിരുന്നു.
റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനോ അപകട മുന്നറിയിപ്പ് നല്‍കാനോ അധികൃതര്‍ തയാറായിരുന്നില്ല. വ്യാഴാഴ്ച ഇതുവഴി വന്ന ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദീപക് എന്ന ചെറുപ്പക്കാരന് സഞ്ചരിച്ച ഇരുചക്ര വാഹനം കുഴിയിലകപ്പെട്ട് വീഴുകയും എതിരെ വന്ന ലോറിയുടെ ചക്രങ്ങള്‍ക്കിടയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ ഇരിങ്ങാലക്കുട ഓഫിസില്‍ പരാതിയുമായി ചെന്ന ഇയോളോട് അപമര്യാദയായി ഉദ്യോഗസ്ഥര്‍ പെരുമാറിയെന്നും അവര്‍ക്ക് ഇതില്‍ ഉത്തരവാദിത്തം ഇല്ലെന്നും നാട്ടികയിലെ വാട്ടര്‍ അതോറിറ്റിയാണ് പൈപ്പ് സ്ഥാപിക്കുന്നതെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറിയെന്നും ആരോപിച്ചാണ് ദീപക് റോഡില്‍ പ്രതിഷേധവുമായി കുത്തിയിരുന്നത്. തുടര്‍ന്ന് ഇരിങ്ങാക്കുട പൊലീസ് എത്തി ഇദ്ദേഹത്തെ അനുനയിപ്പിക്കുകയും റോഡില്‍ താല്‍ക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. കരാറുകാരനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.