ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ക്രമക്കേടുകൾ; നടപടിയില്ലെന്ന് ആക്ഷേപം
text_fieldsചാലക്കുടി: താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി തുടരുന്ന ക്രമക്കേടുകൾക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ 2018 മുതൽ 2021 വരെയുള്ള കാലയളവിൽ നടത്തിയ ഓഡിറ്റിങ് റിപ്പോർട്ടിലാണ് ഗൗരവമുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതിനെതിരെ പരാതി ഉയർന്നിട്ടും തുടർ നടപടി ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടുവെന്ന് പറയുന്നതല്ലാതെ ആരോഗ്യ വിഭാഗത്തിനോ പൊലീസിനോ പരാതി നൽകിയിട്ടില്ല.
ഓഡിറ്റ് റിപ്പോർട്ടിൽ 30 ദിവസത്തിനകം പരിഹാര നടപടിയെക്കുറിച്ച് വ്യക്തമാക്കണമെന്ന് പറഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. താലൂക്ക് ആശുപത്രിയിലേക്ക് ഒ.പി ടിക്കറ്റ് ഉൾപ്പെടെയുള്ള വരുമാനത്തിലും വരവ്-ചെലവ് കണക്കുകളിൽ ബാങ്ക് അക്കൗണ്ടിലെയും ആശുപത്രി കാഷ് രജിസ്റ്ററിലെയും തുകകൾ തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തിയിരുന്നു.
ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ജീവനക്കാർക്ക് അനർഹമായി വേതനങ്ങളും ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും അധികമായി ലീവും നൽകിയതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറും മറ്റും കൊണ്ടുവന്ന വാടക ഇനത്തിലും അധിക തുക കൈപ്പറ്റിയിട്ടുണ്ട്.
പ്രളയാനന്തരം പുതുതായി വാങ്ങിയ കമ്പ്യൂട്ടറുകൾക്ക് മെയിന്റനൻസ് ഗാരന്റി നിലനിൽക്കെ വീണ്ടും അനാവശ്യമായി വാർഷിക മെയിന്റനൻസ് ചാർജ് നൽകിയിട്ടുണ്ട്. പ്രളയത്തിൽ നശിച്ച കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളുടെ കണക്ക് ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
ജനനി സുരക്ഷ യോജന പദ്ധതി പ്രകാരം പാവപ്പെട്ട സ്ത്രീകൾക്ക് പ്രസവാനുകൂല്യങ്ങൾ നൽകിയില്ല. 3,72,742 രൂപ സ്റ്റേറ്റ് ബാങ്കിൽ നിലനിൽക്കേ 600ഓളം അപേക്ഷകൾക്ക് കാലതാമസം വരുത്തി ഫണ്ട് വിനിയോഗം അസാധ്യമാക്കിയിട്ടുണ്ട്. മതിയായ സൗകര്യങ്ങൾ ഇല്ലാതെയാണ് റേഡിയോളജി ബ്ലോക്ക് കെട്ടിടം നിർമിച്ചത്.
ഇതിനെ തുടർന്ന് 32 ലക്ഷം രൂപ വീതം വരുന്ന റേഡിയേഷനുള്ള സി.എസ്.എസ് ഉപകരണങ്ങൾ കെട്ടിടത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്. 750 ചതുരശ്ര അടി വിസ്തീർണമുള്ള കാരുണ്യ ഫാർമസി, ആശുപത്രി കാന്റീൻ തുടങ്ങിയവയിൽ നിന്നുള്ള വാടക പിരിച്ചെടുക്കുന്നതിലും കാലോചിതമായി കരാർ പുതുക്കുന്നതിലും 2016 മുതൽ ആശുപത്രി അധികൃതർ അനാസ്ഥ പുലർത്തി. ഇതുമായി ബന്ധപ്പെട്ട ജീവനക്കാരടക്കമുള്ളവർക്കെതിരെ ഡിപ്പാർട്മെന്റ് തലത്തിലും പൊലീസ് തലത്തിലും വിജിലൻസ് തലത്തിലും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പു മന്ത്രി, ആരോഗ്യ വകുപ്പ് ചീഫ് സെക്രട്ടറി, ആരോഗ്യ ഡയറക്ടർ എന്നിവർക്ക് വിവരാവകാശ പ്രവർത്തകനായ ബാബു ജോസ് പുത്തനങ്ങാടി പരാതി നൽകിയതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.