ജലസേചന പ്രതിസന്ധി: പൊയ്യയിൽ നെൽകൃഷി കുറയുന്നു
text_fieldsമാള: ജലസേചന സംവിധാനം അപര്യാപ്തമായതോടെ പൊയ്യയിൽ നെൽകൃഷി ചെയ്തുവന്നിരുന്ന പ്രദേശങ്ങളിൽ കൃഷി കുറയുന്നു. ഒന്നുമുതൽ നാല് വരെ വാർഡുകളിലെ പാടശേഖരത്തിലാണ് നെൽകൃഷി ക്രമേണ ഇല്ലാതാവുന്നത്. രണ്ട് കീലോ മീറ്റർ നീളത്തിൽ കിടക്കുന്ന പാടശേഖരത്തിന് മധ്യേയുള്ള തോട് ശോച്യാവസ്ഥയിലാണ്. ഇതിലൂടെ ജലസേചനം നിലച്ച മട്ടാണ്. ഹെക്ടർ കണക്കിന് പാടശേഖരം ഈ പ്രതിസന്ധി നേരിടുന്നുണ്ട്. വെള്ളം കെട്ടിനിർത്താനും ആവശ്യമനുസരിച്ച് തുറക്കാനും മറ്റും സൗകര്യമുണ്ടെങ്കിലും അതിനൊന്നും സംരക്ഷണമില്ല.
കോട്ടപ്പുറം കായലിനോട് ചേർന്ന ചെന്തുരുത്തിയിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ശാസ്ത്രീയ സംവിധാനമില്ല. തോടുകൾ കെട്ടി സംരക്ഷിച്ചിട്ടുല്ല. ചാലിൽനിന്നുള്ള തോടിന് ആഴം കൂട്ടി ഉപ്പുവെള്ളം കയറാത്ത വിധത്തിൽ ബണ്ട് പുനർനിർമിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. മഴ വരുന്നതോടെ താണിക്കാട് പാങ്കുളം, മദ്റസ റോഡ് കുളം എന്നിവയിൽനിന്നും വെള്ളം ഒഴുക്കി 300 മീറ്റർ ദൂരെയുള്ള കല്ലൻകുളത്തിലേക്ക് എത്തിക്കാനാവും. അവിടെനിന്നും നിലവിലെ തോട് വഴി പാടശേഖരങ്ങളിൽ എത്തിക്കാം. തോട് ഒഴുകിയെത്തുന്നത് ചെന്തുരുത്തി ചാലിലാണ്. ഇവിടെ തോടിന് സംരക്ഷണ ഭിത്തിയും നിർമിച്ചാൽ ജലസേചന പ്രതിസന്ധി പരിഹരിക്കാനാകുമെന്നും കർഷകർ പറയന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.