ചെന്ത്രാപ്പിന്നി മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരുമാസം; പരിഹരിക്കാനാകാതെ വാട്ടർ അതോറിറ്റി
text_fieldsചെന്ത്രാപ്പിന്നി: മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങി മാസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാനാകാതെ വാട്ടർ അതോറിറ്റി. എടത്തിരുത്തി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് 32 ദിവസമായി നിലച്ചിരിക്കുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം നടക്കുന്നിടത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ആദ്യം കുടിവെള്ള വിതരണം മുടങ്ങിയത്. ഇതേ തുടർന്ന് 15 ദിവസം കഴിഞ്ഞാണ് എൻ.എച്ച് അധികൃതർ പൊട്ടിയ പൈപ്പ് നന്നാക്കിയത്. എന്നാൽ, പൈപ്പ് ശരിയാക്കിയിട്ടും വെള്ളമെത്തിയില്ല. ഇതോടെ ജനങ്ങൾ പരാതിയുമായി വീണ്ടും രംഗത്തെത്തി. തുടർന്ന് വാട്ടർ അതോറിറ്റി ജീവനക്കാരും ഒമ്പതാം വാർഡ് മെംബർ കെ.എസ്. അനിൽ കുമാറും ചേർന്ന് റോഡരികിലെ പത്തോളം ഭാഗങ്ങളിൽ കുഴിച്ച ശേഷമാണ് പൈപ്പിലെ ഒരു തടസ്സം കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഐസ് പ്ലാന്റിന് സമീപത്തെ ആൽ മരത്തിന്റെ വേര് പൈപ്പിന്റെ ജോയന്റിലൂടെ കയറിയതാണ് വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയത്. പത്ത് മീറ്ററോളം നീളത്തിലാണ് പൈപ്പിനകത്തുനിന്നും വേര് എടുത്തുമാറ്റിയത്. എന്നാൽ, വേര് എടുത്ത് മാറ്റിയിട്ടും വെള്ളം പൈപ്പിലെത്തിയില്ല. വാൾവ് തകരാറാണെന്ന് കരുതി സി.വി സെന്ററിലെ വാൾവ് തുറന്ന് നോക്കിയെങ്കിലും തകരാറ് കണ്ടെത്താനായില്ല. വാട്ടർ അതോറിറ്റിയുടെ കരാർ പണിക്കാർ പതിനെട്ടടവും പയറ്റിയിട്ടും ശുദ്ധജല വിതരണ പൈപ്പിലെ തകരാർ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിശേഷ ദിവസങ്ങളിൽ പോലും വെള്ളം കിട്ടാതായതോടെ ജനങ്ങൾ കടുത്ത അമർഷത്തിലാണ്. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ചാമക്കാലയിൽ പ്രതിഷേധ സമരവും സംഘടിപ്പിച്ചിരുന്നു. എത്രയും പെട്ടെന്ന് ശുദ്ധജലമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.