കാണാം, പുതിയ ഊർമിളയെ
text_fieldsതൃശൂർ: ആദിശക്തി തിയേറ്റേഴ്സ് രംഗത്ത് എത്തിക്കുന്ന ‘ഊർമിള’യാണ് അന്താരാഷ്ട്ര നാടകോത്സവത്തിൽ ശനിയാഴ്ചയിലെ ആകർഷണം. രാമായണത്തിലെ ‘സർവംസഹ’യായ ഊർമിളയുടെ പ്രതിരൂപങ്ങൾ ഇപ്പോഴും നമുക്കിടക്കൊക്കെ കാണാം എന്നാണ് നാടകം പറഞ്ഞുവെക്കുന്നത്.
ചരിത്രത്തിലുടനീളം കാണപ്പെടുന്ന സങ്കീർണമായ ധാർമിക, ലിംഗ, അസമത്വ പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഈ നാടകം. രാമായണ കഥാപാത്രങ്ങളായ ലക്ഷ്മണന്റെയും ഊർമിളയുടെയും കഥയാണത്. അയോധ്യയിൽ സംഭവിക്കുന്ന ഈ കഥ ഓരോ കാലഘട്ടത്തിലും സ്ത്രീ നേരിടേണ്ടി വരുന്ന വിവേചനത്തിന് ഉദാഹരണമാണ്. ധർമത്തിന് വേണ്ടി എന്ന് അവകാശപ്പെടുമ്പോഴും സ്ത്രീയോട് കാണിക്കുന്ന അധാർമികത ചോദ്യം ചെയപ്പെടാറില്ല. നാളെയും സ്ത്രീകൾക്ക് നേരെ അനീതി ആവർത്തിക്കും. അനുഭവിക്കുന്ന അവസ്ഥയെ വെല്ലുവിളിക്കാൻ മറ്റൊരു മാർഗവും ഇല്ലാതാകുമ്പോൾ ഊർമിള സ്വയം വീണ്ടെടുക്കുകയാണിവിടെ. ഊർമിളയുടെ ശരീരംതന്നെ ഒരു സമരമായി മാറുന്നുതാണ് കഥാസാരം. 65 മിനിറ്റാണ് നാടകത്തിന്റെ ദൈർഘ്യം.
അഭയമെവിടെ? അന്വേഷണമാണ് ‘4.48 മൊൺട്രാഷ്
വിഷാദാത്മകമായ ഒരു സാക്ഷ്യപ്പെടുത്തലാണ് ‘4.48 മോൺട്രാഷ്’. ഒരു വ്യക്തി ആശ്വാസം തേടി ചെന്നെത്താവുന്ന ഇടങ്ങൾ പലതാണ്. വ്യക്തിബന്ധങ്ങൾ, മതം തുടങ്ങി മാനസിക ആരോഗ്യ കേന്ദ്രത്തിൽ വരെ അയാൾ ആശ്വാസം തേടി കടന്ന് ചെല്ലും. പക്ഷെ നിർവചിക്കാനാവാത്ത നഷ്ടങ്ങളാണ് അയാൾ അവിടെയെല്ലാം അനുഭവിക്കുന്നത്. കൈവിട്ടു പോകുന്നതിൽ എല്ലാമുണ്ട്. ഈ നാടകത്തിൽ വാചകം, ചിന്തകൾ, സംഭാഷണങ്ങൾ, ലിസ്റ്റുകൾ, കുറിപ്പടികൾ, രോഗനിർണയങ്ങൾ, കൂടാതെ മറ്റ് ക്രമരഹിതമായ വിവരങ്ങൾ എന്നിവ ഒരു കൊളാഷ് ആയി വിവരിച്ചിക്കുന്നു. കഥാപാത്രങ്ങൾ പേരിടാതെ തുടരുക മാത്രമല്ല, അവരുടെ ലിംഗ ഭേദം പോലുമില്ല. വേദനയും ഉത്കണ്ഠയും മാത്രമല്ല ജീവിതത്തിനോടുള്ള അഭിനിവേശവും അത് അനുഭവപ്പെടുത്തുന്നു.
ഖലീൽ ജിബ്രാന്റെ ശബ്ദം; ‘ലീ ഫോ’(ദി മാഡ്മാൻ)
ശബ്ദവും ശരീരവും നിശബ്ദതയും ചേർന്നൊരുക്കുന്ന സംവേദന ക്ഷമത ആവശ്യപ്പെടുന്ന അവതരണമാണ് ‘ലീ ഫോ’. ഖലീൽ ജിബ്രാന്റെ തത്വചിന്തകളിലൂടെ പ്രണയവും തീവ്രവാദവും ഏകാന്തതയും സ്വാതന്ത്ര്യവും വിമോചനവും സ്വയം കണ്ടെത്തുന്ന ഒരു ഭ്രാന്തനെ നാടകം വിശകലനം ചെയ്യുന്നു. ശബ്ദത്തിന്റെ ആവശ്യം മനുഷ്യത്വവും സഹിഷ്ണുതയും വീണ്ടെടുക്കാനാണ്. നാം അധികാരികൾക്ക് മേൽ ശബ്ദം ഉയർത്തികൊണ്ടിരിക്കുന്നു. ഇതിൽനിന്ന് വിഭിന്നമായ ശബ്ദങ്ങൾ ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അവയാണ് പ്രവാചകന്റെ ശബ്ദം, ആത്മീയ ശബ്ദം, ഭ്രാന്തനായ മനുഷ്യന്റെ ശബ്ദം, ജിബ്രാന്റെ ശബ്ദം...നാടകം പറഞ്ഞുവെക്കുന്നു.
‘ഞാനും പോട്ടെ ബാപ്പ ഒൽമാരം കാണുവാൻ’
ലക്ഷദ്വീപിലെ നാടോടി ഗാനത്തിന്റെ നാടക ആവിഷ്കാരമാണ് തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഒരുക്കുന്ന ‘ഞാനും പോട്ടെ ബാപ്പ ഒൽമാരം കാണുവാൻ’. പ്രകൃതിയുടെ, മഴയുടെ, രാത്രിയുടെ, സൗന്ദര്യത്തിൽ നാടോടി ഗാനങ്ങളെ ഇഴചേർത്ത് ലക്ഷദ്വീപിലേക്ക് തുറക്കുന്ന മായാജാലകമായി നാടകം പ്രേക്ഷകരിലേക്ക് എത്തുന്നു. ദ്വീപിലെ മായക്കാഴ്ച കാണാൻ മറ്റിടങ്ങളിൽനിന്നും ജനങ്ങൾ ഓടിയെത്തുന്നതും ഇതിനിടയിലെ മുഹൂർത്തങ്ങളുമാണ് നാടകം പറയുന്നത്. പ്രകൃതിയും നാടോടി ഗാനങ്ങളും കെട്ടുകഥകളും ചേർന്നൊരു ലോകമാണ് അത് തീർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.