സാംസ്കാരിക മന്ത്രിയും അധ്യക്ഷനുമില്ലാതെ ഉദ്ഘാടന സമ്മേളനം
text_fieldsതൃശൂർ: സാമ്പത്തിക ബുദ്ധിമുട്ടിനാൽ നട്ടം തിരിയുന്നതിനാൽ ഇക്കുറി അന്താരാഷ്ട്ര നാടകോത്സവം ഉണ്ടാകില്ല എന്നായിരുന്നു കേരള സംഗീത നാടക അക്കാദമി ഭാരവാഹികൾ അടുത്തിടെവരെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അൽപം വൈകിയാണെങ്കിലും സർക്കാറിൽനിന്ന് ഡബിൾ ബെൽ മുഴങ്ങിക്കിട്ടിയതോടെ ലോക നാടകരാവുകൾക്ക് തൃശൂരിൽ അരങ്ങുണരുകയായിരുന്നു ഈ ഞായറാഴ്ച മുതൽ.
വൈകീട്ട് 5.30ന് ഔദ്യോഗികമായി ആരംഭിക്കുന്ന ഇറ്റ്ഫോക്ക് ഫെസ്റ്റിവെലിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തേണ്ടിയിരുന്നത് സാംസ്കാരിക മന്ത്രി സജി ചെറിയാനായിരുന്നു. അധ്യക്ഷൻ പി. ബാലചന്ദ്രൻ എം.എൽ.എയും. ഇരുവരും പരിപാടിക്കെത്തിയില്ല. സംഗീത നാടക അക്കാദമിയുടെ ഏറ്റവും പ്രാധാന്യമുള്ള പരിപാടിയായിട്ടും ഉദ്ഘാടകനും സ്ഥലം എം.എൽ.എയായ അധ്യക്ഷനും എത്താതിരുന്നത് ക്ഷീണമായി.
കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി. റസലിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ എത്താൻ കഴിയില്ലെന്ന് സാംസ്കാരിക മന്ത്രി അറിയിച്ചതായി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു.
തുടർന്ന് മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇറ്റ്ഫോക്കിന്റെ ബ്രോഷറുകളിലും നോട്ടീസുകളിലുമൊക്കെ ഉദ്ഘാടന സെഷനിൽ പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷനാകും എന്നായിരുന്നു. എന്നാൽ, വൈകീട്ട് അഞ്ചിന് തുടങ്ങേണ്ട പരിപാടിക്ക് ആറ് മണിയായിട്ടും അധ്യക്ഷൻ എത്തിയില്ല. തുടർന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി അധ്യക്ഷനാകുകയായിരുന്നു. മേയർ എം.കെ വർഗീസും പരിപാടിക്കെത്തിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.