‘അന സൗദാ, വ ഹാദിഹീ അന’; തുറിച്ചുനോട്ട ചോദ്യങ്ങളെ പ്രഹരിച്ച് ‘ബോഡി, റ്റീത്ത് ആൻഡ് വിഗ്’
text_fields‘ബോഡി, റ്റീത്ത് ആൻഡ് വിഗ്’ എന്ന നാടകത്തിൽ നിന്ന്
തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ രണ്ടാം ദിവസമായി ചൊവ്വാഴ്ച രാവിലെ 11ന് കെ.ടി. മുഹമ്മദ് റീജനൽ തീയറ്ററിൽ പ്രദർശിപ്പിച്ച ഈജിപ്തിൽനിന്നുള്ള അറബ് നാടകമായ ‘ബോഡി, റ്റീത്ത് ആൻഡ് വിഗ്’ കാണാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നെത്തിയ നാല് സ്ത്രീകൾ ജീവിതവും ആശങ്കയും പങ്കുവെക്കുന്നതായിരുന്നു ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും നവ കാങ്കേതിക വിദ്യകളുടെയും കാലത്ത് പുതുതലമുറക്കും കുടുംബങ്ങൾക്കും വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ അനുഭവ പരിസരങ്ങൾ മാറുന്നില്ലെന്ന് നാടകം അടിവരയിടുന്നു. വർത്തമാനകാലത്ത് ശരീരാവയവം കണക്കെയുള്ള മൊബൈൽ ഫോൺ നഷ്ടപ്പെടുന്നത് കന്യകാത്വം നഷ്ടപ്പെടുന്നതുപോലെയാണെന്ന് ‘ബോഡി, റ്റീത്ത് ആൻഡ് വിഗ്’ പറയുന്നു. ഈജിപ്തിൽ നിന്നുള്ള സിറ്റ്ഫി മീഡിയ പ്രൊഡക്ഷനാണ് നാടകത്തിന്റെ രംഗാവിഷ്കാരം.
കപട മുഖംമൂടികളുടെയും ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് കാണിക്കാനുള്ള വച്ചുകെട്ടലിന്റെയും കാലത്തെ മനുഷ്യരുടെ ജീവിതത്തിന്റെ പച്ചയായ തുറന്നുകാട്ടലായാണ് നാടകം അവതരിപ്പിച്ചത്. നാടകം വ്യത്യസ്ത ഇടങ്ങളിൽ നിന്നുള്ള നാല് സ്ത്രീകളുടെ സംസ്കാരത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകരെ ആത്മ പരിശോധനക്കും വലിയ അർഥത്തിൽ ലോകത്തെ കാണുന്നതിലേക്കും നാടകം നയിക്കുന്നു.
നാടകത്തിന്റെ പേര് സൂചിപ്പിക്കുന്ന വിധം ‘ബോഡി’ എന്നത് ശരീരത്തിന്റെ സ്വയം പരസ്യപ്പെടുത്തലുകളെ പ്രതിനിധാനം ചെയ്യുന്നു. ‘റ്റീത്’ അഥവാ പല്ല് ആശയവിനിമയത്തെ, ജീവിച്ചു പോകാനുള്ള മനുഷ്യന്റെ ഉത്കണ്ഠയെ സൂചിപ്പിക്കുന്നു. ‘വിഗ്’ എന്നാൽ പ്രചാരണം അല്ലെങ്കിൽ മറച്ചുവെക്കലിന്റെ പ്രതീകമായും വ്യക്തികൾ സാമൂഹിക നിബന്ധനങ്ങൾക്ക് അനുയോജ്യമായ വേഷങ്ങൾ ധരിക്കുന്നതുമാണ് പറയുന്നത്. സമൂഹത്തിലെ പ്രതീക്ഷകൾക്കൊപ്പം ജീവിതം പരുവപ്പെടുത്തേണ്ടി വരുന്ന മനുഷ്യന്റെ സമ്മർദ്ദം, സ്വയം തിരിച്ചറിയലിന്റെ വിശാലത തുടങ്ങിയ കാര്യങ്ങളെ ഈ പ്രതീകങ്ങൾ വരച്ചു കാട്ടുന്നു.
ശാരീരിക നാടകവും പ്രതീകാത്മക കഥാവതരണവും ഉൾചേർന്നുകൊണ്ടായിരുന്നു അവതരണം. ചലനം, ശരീരം എന്നിവയുടെ കൂടുതൽ ഗഹനമായ അനുഭവങ്ങൾക്കും ‘ബോഡി, റ്റീത്ത് ആൻഡ് വിഗ്’ വേദിയായി. പരമ്പരാഗത നാടക രചനകളിൽ നിന്നും വ്യത്യസ്തമാക്കിയത് സംഭാഷണ രീതിയും നിർണായകമായ ഘടകങ്ങളുമാണ്. വൈവിധ്യമാർന്ന അനുഭവങ്ങളും സംസ്കാരങ്ങളും കാലാനുസരണം ഒരു സത്തക്കുള്ളിൽ ഒന്നിച്ച് എങ്ങനെ നിലനിൽക്കുന്നുവെന്നും നാടകം ചൂണ്ടിക്കാട്ടി.
‘അന സൗദാ, വ ഹാദിഹീ അന...’ (ഞാൻ കറുത്തവളാണ്. അതാണ് ഞാൻ. ഇനിയും ഞാൻ കറുത്തവളായിരിക്കാൻ തന്നെ ആഗ്രഹിക്കുന്നു. നിങ്ങൾക്കെന്താ ചേതം) എന്ന ഒരു കഥാപാത്രത്തിന്റെ സംശയമില്ലാത്ത തുറന്നുപറച്ചിലുകൾ ഇതര കഥാപാത്രങ്ങളും ഏറ്റെടുക്കുന്നുണ്ട്. തടിച്ചവരെയും മെലിഞ്ഞവരെയും വയറ് ചാടിയവരെയും ഒക്കെ കുറ്റപ്പെടുത്തുന്ന പോതുബോധ്യങ്ങളെയും തുറിച്ചുനോട്ടങ്ങളെയും നാടകം വിമർശന വിധേയമായി കൈകാര്യം ചെയ്യുന്നു. അറബിയിലായതിനാൽ നാടകത്തിന്റെ ഡയലോഗുകളുടെ വിവർത്തനം ഡിസ്േപ്ലയിൽ പ്രദർശിപ്പിച്ചിരുന്നു.
എന്നാൽ, ഇത് അവ്യക്തമായും സമയം തെറ്റിച്ചും പ്രദർശിപ്പിച്ചത് കാണികൾക്ക് അരോചകമായി. നാടകത്തിന്റെ പകുതി ഭാഗത്തിന് മാത്രമാണ് വിവർത്തനം ഉണ്ടായത്. പല പ്രധാന ഡയലോഗുകളും വിവർത്തനത്തിൽ നഷ്ടമാകുകയും ചെയ്തു. പ്രശസ്ത ഈജിപ്ഷ്യൻ നാടക പ്രവർത്തകൻ മാസൻ മൊസദ് ഇബ്രാഹിം ദസൂക്കിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. മഹമൂദ് ശരാവി, തെരേസ മെദ്രാൻ, ഇമാൻ യൂസുഫ്, ഗഹദ് ഇസാം, നിഹാൽ ഫഹ്മി എന്നിവരാണ് അഭിനേതാക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.