നാടകമേ ഉലകം: കാണികളിൽ ആവേശം വിതറി ഇറ്റ്ഫോക് ആദ്യ ദിനം
text_fieldsതിയറ്റർ നിറഞ്ഞാടി ‘ഹീറോ ബ്യൂട്ടി’
40 പേരടങ്ങുന്ന തായ്വാനീസ് നൃത്തനാടകമായ ‘ഹീറോ ബ്യൂട്ടി’യുടെ രംഗാവതരണം കാഴ്ചയുടെ അവിസ്മരണീയ അനുഭവമായി. ചൈനീസ് ഒാപ്പറയെ ആയോധനകലയുമായി കോർത്തിണക്കി 1.20 മണിക്കൂർ നീണ്ട അവതരണമാണ് പവിലിയൻ തിയറ്ററിൽ അരങ്ങേറിയത്.
വേഷപ്രച്ഛന്നനായ ലീ ഷെൻ ചക്രവർത്തി ഫാൻ യുൻ എന്ന സുന്ദരിയായ ചായക്കടക്കാരിയുടെ ആയോധനകല മത്സരത്തിൽ പങ്കെടുക്കുന്നു. ഈ ഭാഗം വിവരിക്കുന്ന ‘ലവ് ബേഡ് സ്പിയേഴ്സി’ലാണ് ഒന്നാം ഭാഗം തുടങ്ങുന്നത്. ചക്രവർത്തി ഒടുവിൽ ചായക്കടക്കാരിയെ വിവാഹം ചെയ്യുന്നതോടെ അവസാനിക്കുന്നു.
രണ്ട് സൈന്യങ്ങളുടെ യുദ്ധവൈദഗ്ധ്യം ആവിഷ്കരിക്കുന്ന ‘ജനറൽ ഓഫ് ദി എംപയർ’ആണ് രണ്ടാമത് അവതരണം. ചൈനീസ് നാടോടിക്കഥകളാണ് തായ്വാൻ ഒാപ്പറക്ക് ഉപയോഗിക്കാറ്. രണ്ട് മണിക്കൂറിലധികം നീണ്ട 150 പേരടങ്ങുന്ന സംഘമാണ് വിയറ്റ്നാമിൽ അരങ്ങിലെത്താറ്.
എന്നാൽ, സാധനസാമഗ്രികൾ എത്തിക്കുന്നതിനും കൂടുതൽ പേരെ കൊണ്ടുവരുന്നതിനും ഉള്ള സാങ്കേതികതടസ്സം കാരണം 40 പേരിലേക്ക് ചുരുക്കുകയായിരുന്നെന്ന് ‘ഹീറോ ബ്യൂട്ടി’യുടെ ആർടിസ്റ്റിക് ഡയറക്ടർ ചാവോ സിയെൻ ചെൻ പറഞ്ഞു.
വ്യത്യസ്തമാണ് ഈ നിലവിളികളും മർമരങ്ങളും
‘നിലവിളികൾ, മർമരങ്ങൾ, ആക്രോശങ്ങൾ’ മലയാള നാടകത്തിന്റെ രംഗഭൂമിക്കുതന്നെ പ്രത്യേകതകളേറെയാണ്. കുരിശിന്റെ ആകൃതിയിലാണ് അരങ്ങിലെ വീട്. രോഗിയായ വീട്ടമ്മ തിരുമുറിവിന്റെ ഇടത്തിലും സഹോദരിമാർ യേശുവിന്റെ കൈകൾ ഭാഗത്തും കാൽപാദത്തിൽ വേലക്കാരിയും തലഭാഗത്ത് പപ്പൻ എന്ന കഥാപാത്രവുമാണ്.
മനുഷ്യന്റെ പീഡനാനുഭവം ഓർമിപ്പിക്കുന്നതും ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം കുടുങ്ങിപ്പോയ വീടാണ് അരങ്ങിൽ അവതരിപ്പിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലെ ആന്തരിക സംഘർഷങ്ങളുടെ കഥ പറയുന്ന നാടകം ഇന്ത്യൻ അടിയന്തരാവസ്ഥ കാലഘട്ട പശ്ചാത്തലത്തിലാണ് പറയുന്നത്.
ഇഗ്മർ ബർഗ്മാന്റെ ‘ക്രൈസ് ആൻഡ് വിസ്പേഴ്സ്’ ചലച്ചിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാടകരചന തുടങ്ങിയതെന്ന് സംവിധായകൻ കെ.എസ്. പ്രതാപൻ പറയുന്നു. നിലവിളികളും മർമരങ്ങളും മാത്രമല്ല, കുടുംബത്തിൽ പുരുഷന്മാരുടെ ആക്രോശങ്ങളും ഉണ്ടെന്ന തിരിച്ചറിവിലാണ് തലക്കെട്ടും കഥാതന്തുവും തയാറാക്കിയത്.
കുടുംബത്തിൽ ആണധികാരവും ദുർബലതയും ഒക്കെ തുടരുന്നുണ്ട്. സംഭാഷണ അതിപ്രസരം ഒഴിവാക്കി കൂടുതൽ ദൃശ്യസന്നിവേശ പശ്ചാത്തലം ഒരുക്കി ആസ്വാദകമനസ്സിൽ കൂടുതൽ ഇടം നേടാൻ നാടകത്തിനു കഴിഞ്ഞു. സുനിൽ സുഖദ, രാജേഷ് ശർമ എന്നിവരുടെ മികച്ച പ്രകടനവും നാടകത്തിനു മുതൽക്കൂട്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.