തൃശൂർ ഒരുങ്ങി നാളെ മുതൽ ‘നാടകമേ ഉലകം’
text_fieldsതൃശൂർ: ദേശ, ദേശാന്തര നാടകങ്ങൾക്ക് വേദിയാവാൻ തൃശൂർ ഒരുങ്ങി. കേരള സംഗീത നാടക അക്കാദമി ആതിഥ്യമരുളുന്ന അന്താരാഷ്ട്ര നാടകോത്സവം ‘ഇറ്റ്ഫോക്ക്’ അരങ്ങുകൾ ഉണർത്താൻ ഇനി ഒരു നാൾ.ഞായർ മുതൽ ഞായർ വരെ തൃശൂർ നാടകവട്ടത്തിലേക്ക് ചുരുങ്ങും. വിവിധ സംസ്കാരങ്ങൾ, അവ ദേശങ്ങൾക്കിപ്പുറത്ത് പരിചയപ്പെടുത്തുന്ന ഒരുപറ്റം കലാകാരന്മാർ, അതൊരുക്കുന്ന വിസ്മയങ്ങൾ, നാടക പ്രവർത്തകർ, സഹൃദയർ തുടങ്ങിയവരാണ് ഇനിയുള്ള എട്ട് നാൾ നഗരം വാഴുക.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. മൂന്ന് വേദികളിൽ 15 നാടകങ്ങളുടെ 34 പ്രദർശനമാണ് ഒരുങ്ങുന്നത്.അനുബന്ധമായി പാനൽ ചർച്ചകൾ, ഇന്ത്യൻ-രാജ്യാന്തര നാടക പ്രവർത്തകരുടെ സംവാദ സദസ്സ്, സംഗീത-നൃത്ത നിശ എന്നിവയുണ്ട്. കേരള കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണനാണ് ഇറ്റ്ഫോക് ഫെസ്റ്റിവൽ ഡയറക്ടർ. ‘പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ’ എന്നതാണ് പ്രമേയം.
ഈജിപ്ത്, റഷ്യ, ഹംഗറി, ഇറാഖ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സംഘങ്ങൾ നാടകവുമായി എത്തുന്നുണ്ട്. സംഗീത നാടക അക്കാദമിക്കൊപ്പം രാമനിലയം കാമ്പസും ഇറ്റ്ഫോക്കിന് വേദിയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.