പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടും ‘സമയക്കേട്’ തീരാതെ ഐ.ടി.ഐ വിദ്യാർഥികൾ
text_fieldsതൃശൂർ: പുതുക്കിയ പാഠ്യക്രമം വന്നിട്ടും ‘സമയക്കേട്’ വിട്ടൊഴിയാതെ ഐ.ടി.ഐ വിദ്യാർഥികൾ. ഒരുവർഷ, രണ്ട് വർഷ ഐ.ടി.ഐ പാഠ്യക്രമപ്രാകാരം ക്ലാസുകൾ കഴിഞ്ഞിട്ടും മൂന്ന് മാസം കൂടുതൽ തങ്ങൾ കാമ്പസിൽ തുടരേണ്ടിവരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടു. കഴിഞ്ഞവർഷമാണ് ഐ.ടി.ഐക്ക് പുതുക്കിയ പാഠ്യക്രമം നിലവിൽവന്നത്. ഇതുപ്രകാരം ഐ.ടി.ഐ പാഠ്യപദ്ധതിയുടെ പഠന സമയം 1600 മണിക്കൂറിൽനിന്ന് 1200ആയി കുറയും. അങ്ങനെവരുമ്പോൽ ശനിയാഴ്ച പ്രവൃത്തിദിനത്തിൽനിന്ന് ഒഴിവാകുകയും ചെയ്യും. എന്നാൽ, ഈ അധിക സമയത്തിന്റെ പ്രയോജനം കേരളത്തിലെ ഐ.ടി.ഐ കുട്ടികൾക്ക് ലഭിക്കുന്നില്ല. ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിങ്(ജി.ഡി.ടി) 2022ൽ പാഠ്യപദ്ധതി പരിഷ്കരിച്ച് ഉത്തരവിറക്കിയപ്പോൾ പഠനസമയം 400 മണിക്കൂറാണ് കുറവുവന്നത്. വർഷം ഒന്നുകഴിഞ്ഞിട്ടും ഈ ഉത്തരവ് കേരളത്തിലെ ഐ.ടി.ഐകളിൽ നടപ്പാക്കിയിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.
അതേസമയം, അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഉൾപ്പെടെ ഉത്തരവ് പ്രാബല്യത്തിലായി. പത്താം ക്ലാസിന് ശേഷമോ മറ്റ് പ്രഫഷനൽ കോഴ്സുകൾ കഴിഞ്ഞോ ഐ.ടി.ഐയിൽ ചേരുന്ന വിദ്യാർഥികൾക്ക് ഫലത്തിൽ സമാന്തരമായി മറ്റൊരു പഠനത്തിനുള്ള വഴി ഇതുമൂലം അടഞ്ഞു. ശനിയാഴ്ച ഉൾപ്പെടെ ആറ് ദിവസമാണ് ഇവർക്ക് ക്ലാസ്. അതേസമയം, ഐ.ടി.ഐയുടെ അതേട്രേഡുകളിൽ ക്ലാസുകൾ നടക്കുന്ന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവുണ്ട്. ഈ ഉത്തരവ് തങ്ങൾക്ക് ബാധകമാക്കാത്തത് തുല്യനീതിയുടെ നിഷേധമാണെന്ന് ഐ.ടി.ഐ വിദ്യാർഥികൾ പരാതിപ്പെടുന്നു.
ഡി.ജി.ടിക്ക് സമർപ്പിച്ച വിവരാവകാശ അപേക്ഷയിന്മേൽ ലഭിച്ച മറുപടിയിൽ നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്, റിജിനൽ വെക്കേഷനൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം എന്നീ സ്ഥാപനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിദിനമാക്കി ചുരുക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലും ക്രാഫ്റ്റ് മാൻ ട്രെയിനിങ് സ്കീം ആണ് നൽകുന്നത്. ശനിയാഴ്ച അവധി എന്നത് അതത് സ്റ്റേറ്റ് ഡയറക്ടർ/സംസ്ഥാന ഗവൺമെന്റിന് തീരുമാനിക്കാം. ചില ഉദ്യോഗസ്ഥരുടെ നിർബന്ധ ബുദ്ധിയാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നും ഇൻഡസ്ട്രിയൽ ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ ഒരു പ്രവത്തിദിനം ചുരുങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന സാമ്പത്തിക ലാഭം ഇതുമൂലം ഇല്ലാതാവുന്നതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
‘പഠനഭാരം, യാത്രക്ലേശം’
ആഴ്ചയിൽ ആറ് ദിവസം പഠനം വിദ്യാർഥികളില്‍ കടുത്ത പഠനഭാരവും മാനസിക സംഘര്‍ഷവും ഉണ്ടാക്കുന്നതായി ചാലക്കുടി ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ഥി കൂട്ടായ്മ അംഗങ്ങളായ കെ.എസ്. നവീനും അരുണ്‍ ജോസഫും പറയുന്നു. നിലവില്‍ 2,000ത്തോളം വിദ്യാർഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ല. ദിനംപ്രതി 50 കിലോ മീറ്ററോളം സഞ്ചരിച്ചാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും ക്ലാസിലെത്തുന്നത്. പരിശീലന സമയം കുറഞ്ഞ സാഹചര്യത്തില്‍ ആഴ്ചയില്‍ അഞ്ചുദിവസമായി ക്ലാസുകള്‍ പരിമിതപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു
കായികപരിശീലനം പേരിൽ; നഷ്ടം നാല് മണിക്കൂർ
കായിക പരിശീലനത്തിനും ലൈബ്രറിയിൽ ചെലവഴിക്കുന്നതിനുമായി ആഴ്ചയിൽ നാല് മണിക്കൂർ ഐ.ടി.ഐ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഐ.ടി.ഐകളിൽ കായികാധ്യാപകന്റെ തസ്തിക വെട്ടിക്കുറച്ചു. ഇതോടെ സ്പോർട്സ് േക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് പരിശീലനത്തിന് വഴിയടഞ്ഞു. പഠനസമയം കഴിഞ്ഞ് കായിക പരിശീലനത്തിന് സമയവുമില്ല. സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയവരോട് വിവേചനപരമായാണ് ഐ.ടി.ഐ അധികൃതർ പെരുമാറുന്നതെന്ന് ഈ മേഖലയിലെ വിദ്യാർഥികൾ പറയുന്നു.
പഠിക്കാൻ കമ്മിറ്റി
പുതുക്കിയ പാഠ്യക്രമ പ്രകാരം ഐ.ടി.ഐകളിൽ പഠനസമയം ചുരുക്കുന്നത് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയ ചാലക്കുടി ഗവ. ഐ.ടി.ഐ വിദ്യാർഥി അരുൺ ജോസഫിന് കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് മാസം മുമ്പാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. അതേസമയം, സമിതി ഇതേക്കുറിച്ച് പഠിക്കുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തതായി അറിവില്ലെന്ന് അരുൺ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.